തീപാറും ‘മാമാങ്കം’ സംഘട്ടന രംഗങ്ങൾ; പരിശീലന വീഡിയോ പറയുന്നതും അത് തന്നെ!
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുക ആണ്. സജീവ് പിള്ളയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങൾക്കും ആരാധകർ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ മാമാങ്കത്തിന് വേണ്ടിയുള്ള സംഘട്ടനം പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചന ആണ് പുറത്തിറങ്ങിയ പരിശീലന വീഡിയോ നൽകുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കെച്ച ആണ് ആക്ഷൻ ഒരുക്കുന്നത്.
മമ്മൂട്ടി നാല് വിവിധ ഗെറ്റപ്പുകളിൽ ആണ് ചിത്രത്തിൽ എത്തുന്നത്. ഇതില്‍ ഒരു വേഷം സ്ത്രൈണത നിറഞ്ഞത് ആണ്. 35 മിനിറ്റോളം സ്ത്രൈണത വേഷത്തിൽ മമ്മൂട്ടി എത്തും എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ആരാധകർ പുറത്തിറക്കിയ ഫാൻ മെയ്ഡ് പോസ്റ്ററുകളിലും ഈ വേഷം സ്ഥാനം പിടിച്ചു കഴിഞ്ഞു.
ക്വീൻ സിനിമയിലൂടെ ശ്രദ്ധേയനായ ധ്രുവൻ, നീരജ് മാധവ്, മണികണ്ഠൻ, സുദേവ് നായർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴിൽ നിന്നും ചില പ്രശസ്ത താരങ്ങൾ എത്തും എന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പിള്ളി ആണ്. വിവിധ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.