in

“ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ പോറ്റി വളർത്തി”; ആവേശം നിറച്ച് ‘എമ്പുരാൻ’ പോസ്റ്ററിൽ പൃഥ്വിരാജ്…

ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട്, ചെകുത്താനാൽ വളർത്തപ്പെട്ട, ചക്രവർത്തിയുടെ പടനായകൻ; ‘എമ്പുരാൻ’ പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാൽ നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ സംവിധാനം ചെയ്യുന്ന തിരക്കിലാണ് മലയാളത്തിന്റെ യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണിത്. ഇവർ ആദ്യമായി ഒന്നിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷവും അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്. 42 ആം ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. സയ്ദ് മസൂദ് എന്ന ഹിറ്റ്മാൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അംഗരക്ഷകനാണ് സയ്ദ് മസൂദ്. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട്, ചെകുത്താനാൽ വളർത്തപ്പെട്ട, ചക്രവർത്തിയുടെ പടനായകനെന്നാണ് പോസ്റ്ററിൽ ഈ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്. ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാർ, ബൈജു, നൈല ഉഷ എന്നിവരും വേഷമിടുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

സംഗീതം- ദീപക് ദേവ്, ഛായാഗ്രഹണം- സുജിത് വാസുദേവ്, എഡിറ്റർ- സംജിത് മുഹമ്മദ്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രൊജക്റ്റ് ആയാണ് എമ്പുരാൻ ഒരുങ്ങുന്നത്. നവംബർ/ ഡിസംബർ മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കേരളത്തിൽ പുരോഗമിക്കുകയാണ്.

പഴയ മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്കാരം; “പല്ലൊട്ടി 90’s കിഡ്സ്” ലെ ‘പൂത കഥ’ വീഡിയോ ഗാനം പുറത്ത്

ഇതിഹാസ സമാനമായ സിനിമാനുഭവത്തിന് തയ്യാറാകൂ; ബാലയ്യയുടെ ‘അഖണ്ഡ 2’ ടൈറ്റിൽ തീം വീഡിയോ പുറത്ത്…