സുരാജിന്‍റെ ഗംഭീര പ്രകടനവുമായി കുട്ടന്‍ പിള്ളയുടെ ശിവരാത്രി; റിവ്യൂ വായിക്കാം
നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ചിത്രം ആണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . എയ്‌ഞ്ചൽസ് എന്ന ഇന്ദ്രജിത് ചിത്രമൊരുക്കി അരങ്ങേറിയ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആലങ്ങാട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി നന്ദകുമാർ ആണ് . സംവിധായകൻ ജീൻ മാർക്കോസും ജോസെലെറ്റ് ജോസെഫും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇതിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് നായകനായ സുരാജ് തന്നെയാണ്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വ്യത്യസ്തമായ കഥ പറയുന്ന ഒരു മികച്ച എന്റെർറ്റൈനെർ തന്നെയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന് നിസംശയം പറയാം. കുട്ടൻ പിള്ള എന്ന മധ്യവയസ്കനായ പോലീസ് കോൺസ്റ്റബിളിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ആണ് ജീൻ മാർക്കോസ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. വളരെ സമാധാനമായി ജീവിക്കുന്ന കുട്ടൻ പിള്ളയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളും അവർ കുട്ടൻ പിള്ളയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില വഴി തിരിവുകളും ആണ് ഈ ചിത്രത്തിന്റെ കഥാതന്തു. പ്രേക്ഷകരെ രസിപ്പിച്ചും, അതുപോലെ വൈകാരികമായി സ്പർശിച്ചുമാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത് എന്ന് പറയാം. സംവിധായകനും ജോസെലെറ്റ് ജോസെഫും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ അടിത്തറ. രസകരമായ സംഭാഷണങ്ങളും അതോടൊപ്പം ആഴവും വൈകാരിക തീവ്രതയുള്ള മുഹൂർത്തങ്ങളും ഈ തിരക്കഥക്കു ശക്തി പകർന്നു. അതോടൊപ്പം ജീൻ മാർക്കോസ് നൽകിയ മനോഹരമായതും റിയലിസ്റ്റിക് ആയതുമായ ദൃശ്യ ഭാഷയും കൂടി ചേർന്നപ്പോൾ കുട്ടൻ പിള്ളയുടെ ശിവരാത്രി ഒരു മനോഹരമായ എന്റെർറ്റൈനെർ ആയി മാറി. ചിത്രത്തിൽ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞതും അതിനോടൊപ്പം വളരെ രസകരമായ ഫാന്റസി ഘടകം ഉൾപ്പെടുത്താൻ കഴിഞ്ഞതും ഗുണകരമായി.
സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഒരിക്കൽ കൂടി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. വളരെ അനായാസമായാണ് സുരാജ് കുട്ടൻപിള്ള എന്ന കഥാപാത്രമായി മാറിയത്. വ്യത്യസ്തമായ ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത സുരാജ് കുട്ടൻപിള്ളയായി അക്ഷരാർഥത്തിൽ സ്‌ക്രീനിൽ ജീവിച്ചു എന്ന് പറയാം നമ്മുക്ക്. മിഥുൻ, ശ്രിന്ദ, ബിജു സോപാനം എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, രാജേഷ് മണ്ണാർക്കാട്, ജെയിംസ് ഏലിയാസ് എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കി മാറ്റി.
ഫാസിൽ നാസറിന്‍റെ ദൃശ്യങ്ങളും അതുപോലെ സയനോര ഫിലിപ്പിന്‍റെ സംഗീതവും ചിത്രത്തിന് നൽകിയ മികവ് വളരെ വലുതാണ്. റിയലിസ്റ്റിക് ആയ ദൃശ്യങ്ങളും മനസ്സിൽ തൊടുന്ന സംഗീതവും കഥയുടെ അന്തരീക്ഷത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് പകർന്നു നൽകിയിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടി വരും . ഷിബിഷ് കെ ചന്ദ്രൻ നിർവഹിച്ച എഡിറ്റിംഗ് മികച്ചു നിന്നതിനാൽ ചിത്രം സാങ്കേതികമായി നിലവാരം പുലർത്തുകയും ചെയ്തു. പ്രേക്ഷകർക്ക് ബോറടിക്കാതെ വേഗത്തിൽ ആണ് ഈ ചിത്രം മുന്നോട്ടു നീങ്ങിയത് എന്നതും എഡിറ്റിംഗ് മികവിന്റെ ദൃഷ്ടാന്തമാണ്.
ചുരുക്കി പറഞ്ഞാൽ എല്ലാ രീതിയിലും പ്രേക്ഷകന് ഒരു പുതുമയേറിയ സിനിമാനുഭവം സമ്മാനിക്കുന്ന ക്ലാസ് എന്റർറ്റെയിനെർ ആണ് കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന് പറയാം. ചിരിയും ചിന്തയും ജീവിതവും നിറഞ്ഞ മനോഹരമായ ഒരു സിനിമാനുഭവം എന്ന് നമ്മുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.