“തുടക്കം എന്തായി”; സൂര്യ ചിത്രം ‘കങ്കുവ’യുടെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്…

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായെത്തിയത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണം ചെയ്ത ചിത്രം 350 കോടി മുതൽ മുടക്കിൽ ഒരുക്കിയ പീരീഡ് ആക്ഷൻ ഡ്രാമയാണ്.
ആദ്യ ഷോ മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. എന്നിരുന്നാലും വമ്പൻ റിലീസായെത്തിയ ചിത്രത്തിന് മികച്ച ആദ്യ ദിന കളക്ഷനാണ് ലഭിച്ചത്. 40 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്ന് 28 കോടി 50 ലക്ഷം ആദ്യം ദിനം നേടിയപ്പോൾ വിദേശത്ത് നിന്ന് ചിത്രം നേടിയത് 11 കോടി 50 ലക്ഷമാണ്.
കേരളത്തിൽ നിന്ന് 4 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഇത് കേരളത്തിൽ ഒരു സൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ ആണ്. തമിഴ്നാട് നിന്നും 11 കോടി 25 ലക്ഷമാണ് ചിത്രം വാരിയത്. കർണാടകയിൽ നിന്ന് രണ്ടര കോടിയും ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ആറ് കോടിയും നേടിയ ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 4 കോടി 75 ലക്ഷമാണ് ഗ്രോസ് ചെയ്തത്. ആറായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്തത്.
രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി അഭിനയിച്ചപ്പോൾ, നായികയായി വേഷമിട്ടത് ദിശ പട്ടാണിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങൾ ചെയ്തത്.