രണ്ട് മിനിറ്റിൽ ആവേശം പതിന്മടങ്ങാക്കി ‘ജയിലറി’ന്റെ സ്പെഷ്യൽ പ്രോമോ വീഡിയോ…

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ജയിലർ എന്ന ചിത്രത്തിന്റെ പുതിയ ഒരു പ്രൊമോ വീഡിയോ നിർമ്മാതാക്കൾ ഇന്ന് (ഓഗസ്റ്റ് 2) പുറത്തിറക്കി. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് രജനികാന്തിനെ തിരികെ എത്തിക്കുന്ന ചിത്രമാണ്. ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് അവതരിപ്പിക്കുക. ഈ കഥാപാത്രത്തിന്റെ ഒരു കാഴ്ചയാണ് പുതിയ പ്രോമോ വീഡിയോയിൽ കാണാൻ കഴിയുക.
ടൈഗർ മുത്തുവേൽ പാണ്ഡ്യനെ സൗമ്യനായ ഒരു വ്യക്തിയായി ആണ് തുടക്കത്തിൽ കാണിക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിൽ ഉള്ള ഇദ്ദേഹം ചില സമയം പുലിയെ പോലെ ആകും എന്ന് ഡോക്ടർ പറയുന്നു. ദ്വൈതഭാവമുള്ള കഥാപാത്രമായി ആണ് രജനി എത്തുന്നത് എന്ന് വ്യക്തം. ആക്ഷൻ പായ്ക്ക് ചെയ്ത സീക്വൻസുകൾ, ശക്തമായ സംഭാഷണങ്ങൾ, ശ്രദ്ധേയമായ പശ്ചാത്തല സ്‌കോർ എന്നിവയാൽ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന പ്രോമോ വീഡിയോ ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കും.
രജനികാന്തിന് ഒപ്പം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതും ജയിലറിന്റെ പ്രത്യകതയാണ്. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിജയ് കാർത്തിക് കണ്ണൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ ആർ നിർമൽ ആണ്. സ്റ്റൺ ശിവ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. ഓഗസ്റ്റ് 10 ആണ് ചിത്രത്തിന്റെ റിലീസ്.