തലൈവരുടെ ബോക്സ് ഓഫീസ് ഹുക്കും തുടരും; രോമാഞ്ചമായി ‘ജയിലർ 2’ അനൗൺസ്മെന്റ് ടീസർ

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രം 2023 ലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ചിത്രം 600 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി തലൈവരുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. രജനികാന്തിനൊപ്പം, ചിത്രത്തിൽ അതിഥി വേഷത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ബോളിവുഡിൽ നിന്ന് ജാക്കി ഷെറോഫ് എന്നിവരും എത്തിയതോടെ ജയിലർ തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റി.
ഇപ്പോഴിതാ അതേ ടീമിൽ നിന്ന് ജയിലർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും വന്നിരിക്കുകയാണ്. ആദ്യ ഭാഗം പോലെ തന്നെ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ പുറത്ത് വിട്ടു കൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്‌ചാത്തല സംഗീതത്തിൽ ഒരു മെഗാ മാസ്സ് വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. രജനികാന്ത്, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ഈ വീഡിയോയുടെ ഭാഗമായിരിക്കുന്നത്.
ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കി രജനികാന്ത് വൈകാതെ ജയിലർ രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യും. ഈ വർഷം ദീപാവലി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന. ആദ്യ ഭാഗത്തിലേതു പോലെ തന്നെ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
നെൽസൺ തന്നെയാണ് ഈ രണ്ടാം ഭാഗവും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളി താരം വിനായകൻ ആയിരുന്നു ജയിലർ ആദ്യ ഭാഗത്തിലെ വില്ലൻ. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലി ഈ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.