‘മഹാനടിയിൽ അച്ഛനെ മോശമായി ചിത്രീകരിച്ചു’: ജെമിനി ഗണേശന്‍റെ മകൾ
എല്ലായിടത്തു നിന്നും മികച്ച അഭിപ്രായം ആണ് തെലുഗ് ചിത്രം മഹാനടി നേടുന്നത്. മലയാള താരങ്ങളായ കീർത്തി സുരേഷും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇരുവരുടെയും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമാണ്. നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം രാജമൗലിയും മോഹൻലാലും ചിരഞ്ജീവിയും ഉൾപ്പെടെ നിരവധി താരങ്ങളും പ്രശംസ കൊണ്ട് മൂടി. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ ജെമിനി ഗണേശനെ അപമാനിച്ചു എന്ന ആരോപണവുമായി ഒരാൾ രംഗത്ത് വന്നിരിക്കുക ആണ്. മറ്റാരുമല്ല ജെമിനി ഗണേശന് ആദ്യ ഭാര്യ അലമേലുവിലുണ്ടായ മകൾ കമല സെൽവരാജ് ആണ് ആരോപണവുമായി എത്തിയിരിക്കുന്നത്.
തന്‍റെ അച്ഛനെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു എന്ന് കമല പറയുന്നു. വേണ്ടവിധത്തിൽ ഗവേഷണം നടത്താതെ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന് കമല ആരോപിക്കുന്നു. അണിയറപ്രവർത്തകർ ജമിനി ഗണേശന്‍റെ കുടുംബത്തോടോ സുഹൃത്തക്കളോടോ സംസാരിച്ചിട്ടില്ല, സംസാരിച്ചത് സാവിത്രിയുടെ മകൾ വിജയയോട് മാത്രം ആണെന്നും കമല പറയുന്നു.
‘സാവിത്രിയെ കാണാനായി മാത്രം ലൊക്കേഷനുകൾ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവർ അച്ഛനെ ചിത്രീകരിച്ചു. എന്നാൽ സത്യത്തിൽ എം ജി ആറിനും ശിവാജി ഗണേശനോടും ഒപ്പം നിൽക്കുന്ന വലിയ നടൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ആരാധകവൃന്ദത്തെ കുറിച്ചും ചിത്രത്തിൽ പരാമർശമില്ല . സാവിത്രിയെ മദ്യപാനിയാക്കിയത് എന്‍റെ അച്ഛനല്ല.
സാവിത്രിയുടെ വിജയത്തിൽ അസൂയയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്‍റെ അമ്മയും, അച്ഛനും സാവിത്രിയും ഒരുമിച്ചുള്ള സീനുകൾ യഥാർത്ഥത്തിൽ അങ്ങനെ അല്ല. സാവിത്രിയുമായിട്ടുള്ള അച്ഛന്‍റെ വിവാഹത്തിന് അമ്മ അനുകൂലമായിരുന്നില്ല’ – ജെമിനി ഗണേശന്‍റെ മകൾ കമല പറയുന്നു.