ജൂനിയർ എൻ ടി ആറിന്‍റെ പിറന്നാള്‍ ആഘോഷമാക്കാന്‍ പുതിയ ചിത്രത്തിന്‍റെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി!
തെലുങ്ക് സൂപ്പർതാരമായ ജൂനിയർ എൻ ടി ആർ നാളെ തന്‍റെ പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. മലയാളത്തിന്‍റെ താര ചക്രവർത്തി മോഹൻലാലിനോപ്പം ജനതാ ഗാരേജ് എന്ന കൊരടാല ശിവ ചിത്രത്തിലൂടെ മലയാളികൾക്കിടയിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഈ നടൻ. എൻ ടി ആറിന്‍റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആരാധകർക്കായി അദ്ദേഹം അഭിനയിച്ച പുതിയ ചിത്രത്തിന്‍റെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തു വിട്ടത്. ത്രിവിക്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര് അരവിന്ദ സമേത എന്നാണ്. ചിത്രത്തിന്‍റെ ടൈറ്റിൽ കൂടി വെളിപ്പെടുത്തിയ ഈ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.
സിക്സ് പാക്ക് പ്രദർശിപ്പിച്ചു കയ്യിലൊരു കത്തിയുമായി നടന്നു വരുന്ന താരത്തിന്‍റെ മാസ് സ്റ്റിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂനിയർ എൻ ടി ആറിന്‍റെ ഇരുപത്തിയെട്ടാമത്തെ ചിത്രമായ അരവിന്ദ സമേത നിർമ്മിക്കുന്നത് ഹാരിക, ഹസ്സിന് എന്നിവർ ചേർന്നാണ്. അവർ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടതും അതോടൊപ്പം ജൂനിയർ എൻ ടി ആറിന് തങ്ങളുടെ ജന്മദിന ആശംസകൾ അറിയിച്ചതും.
തെലുങ്ക് സിനിമയിൽ ഇന്നോളം കാണാത്ത വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാൽപ്പത്തി മൂന്നു ഡിഗ്രി ചൂടുള്ള സമയത്തു ആണ് ജൂനിയർ എൻ ടി ആർ ഇതിൽ ഒരു വമ്പൻ ആക്ഷൻ രംഗത്തിൽ അഭിനയിച്ചത്. പൂജ ഹെഗ്‌ഡെ നായിക ആയെത്തുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് തമൻ ആണ്. ഇതിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ ആയിരിക്കും ജൂനിയർ എൻ ടി ആർ അഭിനയിക്കുക.