ജയസൂര്യയുടെ ‘ഈശോ’ തീയേറ്ററുകളിലേക്ക് ഇല്ല; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

0

ജയസൂര്യയുടെ ‘ഈശോ’ തീയേറ്ററുകളിലേക്ക് ഇല്ല; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ‘ഈശോ’. റിലീസ് നീണ്ടു പോകുന്ന ഈ ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി എത്തും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുക ആണ്. സോണി ലിവ് ആണ് ചിത്രം സ്‌ട്രീം ചെയ്യുക. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഒക്ടോബർ അഞ്ചിന് ആണ് സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നത്. സോണി ലിവ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഈശോയുടെ വിവിധ ഭാഷകളിലുള്ള പോസ്റ്ററിന് ഒപ്പം റിലീസ് തീയതിയും പുറത്തുവിടുകയായിരുന്നു.

‘സൂഫിയും സുജാത’, ‘സണ്ണി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നേരിട്ട് ഒടിടി റിലീസായി എത്തുന്ന മൂന്നാമത്തെ ജയസൂര്യ ചിത്രമായി മാറും ‘ഈശോ’. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ കോമഡി എന്റർടെയ്നറുകൾക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ധേഹത്തിന്റെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ്. സുനീഷ് വാരനാട് തിരക്കഥയെഴുതിയ ഈശോയിൽ നമിത പ്രമോദാണ് നായിക. ജാഫർ ഇടുക്കി, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. നാദിർഷയാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്.