in

ഇടവേളക്ക് ശേഷം ഇനി മലയാളത്തിൽ; ഹിറ്റ് സംവിധായകർക്ക് ഒപ്പം മൂന്ന് ചിത്രങ്ങൾ പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

ഇടവേളക്ക് ശേഷം ഇനി മലയാളത്തിൽ; ഹിറ്റ് സംവിധായകർക്ക് ഒപ്പം മൂന്ന് ചിത്രങ്ങൾ പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

400-ലധികം ദിവസത്തെ ഇടവേളക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. വെങ്കി അറ്റ്ലൂരി ഒരുക്കിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നു ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അതിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ എത്തിയ ദുൽഖർ സൽമാൻ ആരാധകർക്ക് ആവേശം പകരുന്ന അപ്‌ഡേറ്റുകളാണ് നൽകിയത്.

ഒരു വലിയ ഇടവേളക്ക് ശേഷം താൻ മലയാളത്തിൽ സജീവമാകാൻ പോവുകയാണ് എന്ന് പറഞ്ഞ ദുൽഖർ, താൻ ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങൾ ഏതൊക്കെയെന്നും വെളിപ്പെടുത്തി. ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കാൻ പോകുന്ന ചിത്രമാണ് ദുൽഖർ ഉടൻ ചെയ്യാൻ പോകുന്ന മലയാള ചിത്രമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ആ വാർത്ത ദുൽഖർ ഇന്നലെ ശരി വെച്ചു.

നഹാസ് ചിത്രത്തിന് ശേഷം താൻ ചെയ്യാൻ പോകുന്നത്, സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും ദുൽഖർ വെളിപ്പെടുത്തി. പറവക്ക് ശേഷം സൗബിൻ ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. സൗബിന്റെ പറവയിൽ ദുൽഖർ ഒരു നിർണായക വേഷം ചെയ്തിരുന്നു. അതിന് ശേഷം ഓതിരം കടകം എന്ന പേരിൽ സൗബിൻ ഒരു ദുൽഖർ ചിത്രം പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് ഉപേക്ഷിക്കപെടുകയായിരുന്നു.

നഹാസ്, സൗബിൻ ചിത്രം കൂടാതെ താൻ ഒരു പുതുമുഖ സംവിധായകനൊപ്പവും മലയാളത്തിൽ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു. അൻവർ റഷീദ്- ദുൽഖർ കൂട്ടുകെട്ടിൽ ഒരു ചിത്രം പ്ലാനിൽ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു എങ്കിലും അതിനെ കുറിച്ച് ദുൽഖർ ഒന്നും തന്നെ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമായി.

ദീപാവലി റിലീസിന് തയ്യാറായി ജയം രവിയുടെ റൊമാറ്റിക് കോമഡി ‘ബ്രദർ’; ട്രെയിലർ ഉടനെ, റിലീസ് ഒക്ടോബർ 31ന്

ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ, ‘പെറ്റ് ഡിറ്റക്ടീവ്’പൂർത്തിയായി; പുതിയ പോസ്റ്റർ പുറത്ത്…