“ഈ ക്രൗഡ് കരിയറിൽ ആദ്യം, ഇതേ ക്രൗഡ് തീയേറ്ററുകളിൽ എത്തിയാൽ അടിപൊളി ആയിരിക്കും”: ദുൽഖർ

മലയാളത്തിന്റെ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘സീത രാമം’. ദുൽഖർ സൽമാനെ കൂടാതെ മൃണാൽ ഠാക്കൂർ, രശ്മിക, സുമന്ത്, തരുൺ ഭാസ്‌ക്കർ, ഭൂമിക ചൗള, വെണ്ണേല കിഷോർ, മുരളി ശർമ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച മറ്റ് താരങ്ങൾ. ഹനു രാഘവപുടി സംവിധാനം ചെയ്‌ത ഈ ചിത്രം വൈജയന്തി മൂവീസും സ്വപ്‌ന സിനിമയും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ നഗരങ്ങളിൽ താരങ്ങൾ എത്തിയിരുന്നു. കൊച്ചിയിൽ ലുലു മാളിൽ താരങ്ങൾ എത്തിയപ്പോൾ കാണാൻ എത്തിയത് വൻ ജനക്കൂട്ടം ആയിരുന്നു. ദുൽഖറിനെ വലിയ ആരാവങ്ങളോടെ ആണ് ആരാധകർ സ്വീകരിച്ചത്.
“ഹൈദരാബാദിൽ പോയി, ചെന്നൈയിൽ പോയി, ഒരുപാട് സ്നേഹം കിട്ടി. അപ്പോളെ വിചാരിച്ചതാ ഇവരെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കണം എന്ന്. ഇവർക്ക് കേരളത്തിലെ പിള്ളേരെ അറിയാൻപാടില്ല.”, ചിത്രത്തിലെ താരങ്ങളായ സുമന്തിനെയും മൃണലിനെയും പരാമർശിച്ചു ദുൽഖർ തമാശയോടെ ലുലു മാളിൽ എത്തിയ ആരാധകരോട് പറഞ്ഞു തുടങ്ങി. വീഡിയോ കാണാം:
തുടർന്ന് ദുൽഖർ പറഞ്ഞത് ഇങ്ങനെ: “ഞാൻ എന്റെ കരിയറിൽ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ക്രൗഡ് ആണിത്. എല്ലാരും വന്നതിൽ വെയിറ്റ് ചെയ്തതിൽ ഒരുപാട് സന്തോഷം. ഈ സിനിമ അഞ്ചാം തീയതിയിൽ വരിക ആണ്. ഇതേ ക്രൗഡ് തീയേറ്ററുകളിൽ എത്തിയാൽ അടിപൊളി ആയിരിക്കും.”
“ഒരു വലിയ സിനിമാ ആണിത്. ഒന്നൊര കൊല്ലമായി ഷൂട്ട് ചെയ്യുകയായിരുന്നു. കശ്മീരിലും ഗുജറാത്തിലും ഒക്കെ കൊടും തണുപ്പത്തും മഞ്ഞിലും ഒക്കെയാണ് ഷൂട്ട് ചെയ്തത്. അതിന്റെയൊക്കെ ഈ സിനിമയിൽ കാണാൻ ഉണ്ടാവും. സുമന്ത് സാർ തെലുങ്കിലെ വലിയ ഹീറോ ആണ്. ഇതുവരെയും ഹീറോ ആയിട്ട് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യമായിട്ട് ആണ് ഒരു സിനിമയിൽ ഇതുപോലെ ഇരു സപ്പോർട്ടിങ് റോൾ ചെയ്യുന്നത്. അത് ആ സിനിമയും കഥയും അത്ര ഇഷ്ടപെട്ടിട്ട് ആണ് ചെയ്യുന്നത്. എനിക്ക് വലിയ സപ്പോർട്ട് ആയിരുന്നു. ഒരു മൂത്ത ജേഷ്ഠനെ പോലെ എന്റെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ വിഷ്ണു ശർമ്മയായി ചിത്രത്തിൽ കാണാൻ കഴിയും.”