ദേശീയ അവാർഡ് ജേതാവിന്‍റെ ചിത്രത്തിൽ ഡബിൾ റോളിൽ ദിലീപ്; ‘കേശു ഈ വീടിന്‍റെ നാഥൻ’ തുടങ്ങുന്നു!
ഇത്തവണത്തെ ദേശീയ അവാർഡിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ആണ്. ആ ചിത്രം രചിച്ച സജീവ് പാഴൂരിന് ആണ് മികച്ച തിരക്കഥാ രചയിതാവിനുള്ള അവാർഡ് ലഭിച്ചത്. ജൂറി ചെയർമാൻ ശേഖർ കപൂർ അടക്കം ഈ ചിത്രത്തെ കുറിച്ച് ഗംഭീര അഭിപ്രായം ആണ് പറഞ്ഞത്. ദേശീയ അവാർഡ് ജേതാവായ സജീവ് പാഴൂർ രചിക്കുന്ന അടുത്ത ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മലയാളത്തിന്‍റെ ജനപ്രിയ നായകൻ ദിലീപ് ആണ്.
കേശു ഈ വീടിന്‍റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നാദിർഷ ആണ്. ഇപ്പോൾ കട്ടപ്പനയിലെ ഹൃതിക് റോഷന്‍റെ തമിഴ് റീമേക്കിന്‍റെ തിരക്കിലാണ് നാദിർഷ. ദിലീപ് ആകട്ടെ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസ്സർ ഡിങ്കൻ പൂർത്തിയാക്കുകയാണ്. ഇതിനു ശേഷമാകും കേശു ഈ വീടിന്‍റെ നാഥൻ ചിത്രീകരണം ആരംഭിക്കുക. നാദിർഷ മലയാളത്തിൽ ഒരുക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രതമാണ് കേശു ഈ വീടിന്‍റെ നാഥൻ.
ഈ ചിത്രത്തിൽ ഡബിൾ റോളിൽ ആണ് ദിലീപ് പ്രത്യക്ഷപ്പെടുക എന്നാണ് വാർത്തകൾ വരുന്നത്. മാത്രമല്ല കമ്മാര സംഭവത്തിന് ശേഷം വൃദ്ധ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിൽ ഒരിക്കൽ കൂടി ദിലീപ് പ്രത്യക്ഷപ്പെടും എന്നും സൂചനകൾ ഉണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആയിരിക്കും കേശു ഈ വീടിന്‍റെ നാഥൻ എന്നാണ് സൂചന. ഏതായാലും ഒരു താരം എന്നതിലുപരി ദിലീപ് എന്ന നടനെ ഉപയോഗിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നാദിർഷായും സജീവ് പാഴൂരും പറയുന്നത്. ഒരുപക്ഷെ ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാവും പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇപ്പോൾ കമ്മാര സംഭവത്തിലെ ഗംഭീര പ്രകടനത്തിന്‍റെ ദിലീപിന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.