നീരാളിയും പക്കിയും ഒടിയനും; ഒരുങ്ങുന്നത് പ്രേക്ഷകർക്കായുള്ള മോഹൻലാലിന്‍റെ ‘ആക്ഷൻ ധമാക്ക’!

0

നീരാളിയും പക്കിയും ഒടിയനും; ഒരുങ്ങുന്നത് പ്രേക്ഷകർക്കായുള്ള മോഹൻലാലിന്‍റെ ‘ആക്ഷൻ ധമാക്ക’!

പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രം നൽകി മോഹൻലാൽ സിനിമാ പ്രേമികളെ തന്‍റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ പ്രകടനത്തിലൂടെ ഞെട്ടിച്ചത് ഇപ്പോഴും ആരും മറന്നിട്ടില്ല. ഇപ്പോഴിതാ ഈ വർഷം മോഹൻലാൽ എത്തുന്നത് പുലിമുരുകന്‍റെ മുകളിൽ നിൽക്കുന്ന ആക്ഷൻ രംഗങ്ങങ്ങളുമായി എന്നാണ് സൂചന. മോഹൻലാൽ അഭിനയിച്ചു ഈ വർഷം ഇനി ഇറങ്ങാൻ പോകുന്ന ചിത്രങ്ങൾ ബോളിവുഡ് സംവിധായകൻ അജോയ് വർമയുടെ നീരാളി, റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി, ശ്രീകുമാർ മേനോന്‍റെ ഒടിയൻ എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളിലും ആക്ഷന് ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

അജോയ് വർമ്മ ചിത്രം നീരാളി ഈ വർഷം ജൂൺ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ഈദ് റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്‍റെ അതി സാഹസികമായ ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. സണ്ണി എന്ന് പേരുള്ള ഒരു ജെമ്മോളജിസ്റ്റ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. അതിന് ശേഷം മോഹൻലാൽ എത്താൻ പോകുന്നത് റോഷൻ ആൻഡ്രൂസിന്‍റെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി എന്ന മാസ്സ് ചരിത്ര കഥാപാത്രം ആയാണ്. ഒരു അതിഥി വേഷമാണെങ്കിൽ പോലും ഗംഭീര ഫൈറ്റ് രംഗം മോഹൻലാൽ പ്രേക്ഷകർക്കായി കാത്തു വെച്ചിട്ടുണ്ട് എന്നാണ് സൂചന. നിവിൻ പോളിയാണ് ഈ ചിത്രത്തിലെ നായകൻ.

 

 

അതിന് ശേഷമാണ് മലയാള സിനിമയൊന്നടങ്കം കാത്തിരിക്കുന്ന ഒടിയൻ എത്തുന്നത്. മലയാളത്തിലെയും മോഹൻലാലിന്‍റെ കരിയറിലേയും ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ എന്ന ചിത്രത്തിൽ അഞ്ചു ബ്രഹ്മാണ്ഡ ആക്ഷൻ രംഗങ്ങൾ ആണുള്ളത്. പുലിമുരുകന് ശേഷം മോഹൻലാൽ – പീറ്റർ ഹെയ്‌ൻ ജോഡി ആക്ഷൻ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ഒരു ഫാന്റസി ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.