“വീണ്ടും തോക്കെടുത്ത് ഫഹദ്”; ധൂമം ട്രെയിലറും റിലീസ് തീയതിയും പുറത്ത്…
ബ്ലോക്ക്ബസ്റ്ററായ കെജിഎഫ് ഫ്രാഞ്ചൈസി ചിത്രങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ പ്രശസ്തരായ ഹോംബാലെ ഫിലിംസ് എന്ന നിർമ്മാണ കമ്പനി തങ്ങളുടെ ആദ്യ മോളിവുഡ് ചിത്രവുമായി എത്തുകയാണ്. ‘ധൂമം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായക വേഷത്തിൽ എത്തുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം പവൻ കുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. ട്രെയിലർ റിലീസിനൊപ്പം ജൂൺ 23 ന് തിയേറ്റർ റിലീസ് ചെയ്യും എന്നതും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
മലയാള ചലച്ചിത്ര വ്യവസായത്തിലേക്ക് ഹോംബാലെ ഫിലിംസ് കടന്നുവരുന്നു എന്നത് വലിയ വാർത്താ പ്രാധാന്യം മുൻപേ തന്നെ നേടിയിരുന്നു എങ്കിലും ഈ ട്രെയിലർ ചിത്രത്തിലുള്ള പ്രതീക്ഷ വീണ്ടും ഉയർത്തുകയാണ്. സസ്പെൻസും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം ആകും ധൂമം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഫഹദ് ഫാസിലിന്റെ പവർ പാക്ക്ഡ് പെർഫോമൻസിനുള്ള പ്രതീക്ഷയും ചിത്രത്തിന്റെ ട്രെയിലർ നൽകുന്നുണ്ട്.
ധൂമത്തെ ഒരു പാൻ-ഇന്ത്യൻ ചിത്രമായി ആണ് ഹോംബാലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളം കൂടാതെ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു ഈ ചിത്രം റിലീസ് ചെയ്യും. ലൂസിയ, യു ടേൺ എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ധൂമത്തിന് പ്രതീക്ഷ കല്പിക്കുന്നുണ്ട്. ഫഹദ് ഫാസിലിനെ കൂടാതെ റോഷൻ മാത്യു, അപർണ ബാലമുരളി, വിനീത്, അച്യുത് കുമാർ, അനു മോഹൻ, ജോയ് മാത്യു, മേബിൾ തോമസ്, തുടങ്ങിയവരാണ് ധൂമത്തിലെ മറ്റ് താരങ്ങൾ.