പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ചെയ്യാത്ത ദൃശ്യങ്ങൾക്ക് പോലും അമ്പരപ്പിക്കുന്ന നിലവാരം; എമ്പുരാനെ കുറിച്ച് മനസ്സ് തുറന്ന് ദീപക് ദേവ്
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. ഇതിനോടകം നൂറു ദിവസത്തോളം ചിത്രീകരിച്ച ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോഴും തുടരുകയാണ്. നവംബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിൽ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തെ കുറിച്ച്, ഇതിന്റെ സംഗീത സംവിധായകനായ ദീപക് ദേവ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ ഏതാനും ദൃശ്യങ്ങൾ താൻ കണ്ടെന്നും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഒന്നും തന്നെ ചെയ്യാത്ത സ്പോട്ട് എഡിറ്റഡ് ചിത്രങ്ങളായിരുന്നു അതെന്നും ദീപക് ദേവ് പറയുന്നു. സംഗീതമോ, കളറിംഗോ, മറ്റൊരു ജോലികളും ചെയ്യാത്ത ആ ദൃശ്യങ്ങൾക്ക് വരെ അമ്പരപ്പിക്കുന്ന നിലവാരമാണ് താൻ കണ്ടതെന്നും, ആ ദൃശ്യങ്ങളിൽ ഒന്നും തന്നെ സിജി (കമ്പ്യൂട്ടർ ഗ്രാഫിക്സ്) ഉപയോഗിക്കാതെ പൊട്ടിത്തെറി ഉൾപ്പെടെയുള്ള എല്ലാം ഒറിജിനൽ ആയി തന്നെ ചിത്രീകരിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നൂറു കോടി ക്ലബിൽ ഇടം പിടിച്ച തന്റെ ആദ്യ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് പൃഥ്വിരാജ് സുകുമാരൻ എമ്പുരാൻ ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ് ആണ്. പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാർ, ബൈജു, നൈല ഉഷ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.