അനിരുദ്ധിൻ്റെ സംഗീതത്തിൽ വീണ്ടും തിളങ്ങി എൻടിആർ – ജാൻവി ജോഡി; ‘ദേവര’യിലെ ‘ദാവൂദി’ ഗാനവും ഹിറ്റ്…
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യിലെ ‘ദാവൂദി’ ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ഗാനത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് ആലപിച്ച ഗാനമിപ്പോൾ സെൻസേഷണൽ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസിന് മുന്നേ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം.
‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളീവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.