‘ഭ്രമയുഗം’ ഒരുക്കിയത് മെഗാ ബജറ്റിൽ; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ…
മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ രാഹുൽ സദാശിവൻ ഒരുക്കുന്ന ഈ മമ്മൂട്ടി ചിത്രവും ഒരു ഹൊറർ ത്രില്ലറാണ്. വളരെ പഴയ കാലഘട്ടത്തിലെ കേരളത്തിലെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അത്കൊണ്ട് തന്നെ വളരെ ചെറിയ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്ന ധാരണയിലായിരുന്നു സിനിമാ പ്രേമികൾ.
എന്നാലിതാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ യഥാർത്ഥ ബഡ്ജറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കളിലൊരായ ചക്രവർത്തി രാമചന്ദ്ര. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശികാന്തും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കൂടിയാണ് ചക്രവർത്തി രാമചന്ദ്ര ഇതിന്റെ ബഡ്ജറ്റ് പുറത്തു വിട്ടത്.
27 കോടി 73 ലക്ഷം രൂപയാണ് ഭ്രമയുഗത്തിന്റെ നിർമ്മാണ ചിലവെന്നും, ചിത്രത്തിന്റെ പബ്ലിസിറ്റി ചിലവ് ഇത് കൂടാതെ വേറെ വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണൻ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമൽഡ ലിസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഫെബ്രുവരി പതിനഞ്ചിനാണ് റിലീസ് ചെയ്യുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യറാണ്. ഷെഹനാദ് ജലാൽ കാമറ ചലിപ്പിച്ച ഭ്രമയുഗത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷഫീക്ക് മുഹമ്മദ് അലിയാണ്.
English Summary: Producer Revealed Bramayugam Budget.