സൽമാന്റെ ബിഗ് ബോസ് മലയാളത്തിൽ എത്തുമ്പോൾ അവതാരകനാകുന്നത് മമ്മൂട്ടി?
വളരെ ശ്രദ്ധേയമായ ടെലിവിഷൻ ഷോ ആണ് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ്. ജനപ്രിയ ചാനൽ ഏഷ്യാനെറ്റിൽ ഈ ഷോ മലയാളത്തിൽ എത്തിക്കും എന്നാണ് വിവരം. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ അവതാരകനാക്കി സംപ്രേക്ഷണം തുടങ്ങാനാണ് ചാനൽ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇതിനായി മമ്മൂട്ടിയെ ചാനൽ സമീപിച്ചതായി ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകളും വന്നു. സൂപ്പർസ്റ്റാർ മോഹൻലാലിനെയും അവതാരകനായി പരിഗണിച്ചിരുന്നു എന്നും അമൃത ടിവി കരാർ ഉള്ളതിനാൽ താരം എത്തില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബിഗ് ബോസ് തമിഴ് – തെലുഗ് പതിപ്പുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. കമൽ ഹാസന് ആണ് തമിഴിൽ ബിഗ് ബോസ് അവതരിപ്പിച്ചത്. മലയാളി ആയ ഓവിയ ഈ ഷോയിലൂടെ തമിഴകത്തിന്റെ പ്രിയ താരം ആയി മാറിയത് മലയാളികളും ആഘോഷമാക്കിയിരുന്നു. തെലുഗ് – തമിഴ് പതിപ്പുകളാക്കായി നിർമിച്ച പുനെയിലെ സെറ്റിൽ തന്നെ ആകും മലയാളം പതിപ്പും ഷൂട്ടിങ് നടക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുൻപ് സൂര്യ ടിവിയിൽ മലയാളി ഹൗസ് എന്ന പേരിൽ സമാനമായ ഷോ മലയാളത്തിൽ വന്നിരുന്നു. എന്നാൽ ഷോ വിജയമായില്ല. രാഹുൽ ഈശ്വർ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത ഷോ ഒരുപാട് വിമർശനങ്ങളും നേരിട്ടു. ഈ സാഹചര്യത്തിൽ അവതാരകനായി മമ്മൂട്ടി തന്നെ എത്തുമോ എന്നത് കാത്തിരുന്നു കാണാം.