മൈക്കിളായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി; വിരുന്നായി ‘ഭീഷ്മ പർവ്വം’ ടീസർ…
മാസ് സിനിമാ ആരാധകർ അമൽ നീരദ് ചിത്രങ്ങൾ എന്നും ആഘോഷമാക്കിയിട്ടെ ഉള്ളൂ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത് അതാണ്. ഇപ്പോളിതാ ഭീഷ്മ പർവ്വത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.
മമ്മൂട്ടിയുടെ സൂപ്പർസ്റ്റാർഡം ആഘോഷമാക്കുന്ന ഒരു മെഗാ മാസ് ചിത്രം തന്നെയാണ് അമൽ നീരദ് ഒരുക്കിയിരിക്കുന്നത് എന്ന സൂചന നൽകുന്ന ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടീസർ കാണാം.
മൈക്കിൾ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൈക്കിളിന് അധികമാരും അറിയാത്തൊരു ഭൂതകാലം ഉണ്ടെന്ന് ടീസറിൽ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിൽ നിന്ന് മനസിലാക്കാൻ കഴിയും. ബാഷാ പോലെ ഒരു ചിത്രമാകും ഇതെന്ന സൂചന ആണ് ഇത് നൽകുന്നത്. അമൽ നീരദിന്റെ ശൈലിയിൽ ഉള്ള മേക്കിങ് ടീസറിൽ തന്നെ ദൃശ്യമാകുന്നുണ്ട്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ആക്ഷൻ സീനുകളും മികച്ച പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തിൽ പ്രതീക്ഷിക്കാം.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥ രചിച്ച ചിത്രം മാർച്ച് 3ന് ആണ് റിലീസ് നിശ്ചിയിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകൻ. സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ലെന, നാദിയ മൊയ്‌തു, ജിനു ജോസഫ്, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.