ഷെയ്ൻ ചിത്രം ‘ബർമുഡ’യുടെ ടീസറിൽ സർപ്രൈസ് ആയി മോഹൻലാൽ സാന്നിധ്യവും…

യുവ നായക നിരയിലെ ശ്രദ്ധേയനായ നടന്മാരിൽ ഒരാൾ ആണ് ഷെയ്ൻ നിഗം. കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ താരത്തിനായി. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബർമൂഡയുടെ ടീസർ പുറത്തുവന്നിരിക്കുക ആണ്. ടി കെ രാജീവ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സസ്പെൻസ് നിറച്ച് വ്യത്യസ്തമായ ഒരു സ്റ്റോറി ട്രീറ്റ്മെന്റിലൂടെ ആണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നിരന്തരം എന്തിനെയോ തിരയുന്ന കഥാപാത്രമായി ഷെയ്നെ ടീസർ കാണാം. വിനയ് ഫോർട്ട് ഒരു പോലീസ് വേഷത്തിൽ എത്തുന്നു. വളരെ ആശയക്കുഴപ്പത്തിൽ ആകുന്ന വിനയുടെ കഥാപാത്രവും എന്തോ തിരയുന്നതായി കാണപ്പെടുന്നു. ടീസർ കാണാം:
പ്രേക്ഷകർക്ക് ചിത്രത്തിന്റെ ടീസറിൽ നിന്ന് മറ്റൊരു സർപ്രൈസും ലഭിക്കുന്നുണ്ട്. അത് സൂപ്പർതാരം മോഹൻലാലിന്റെ സാന്നിധ്യം ആണ്. തീം സോങ്ങിന് മോഹൻലാൽ ആണ് ശബ്ദം നൽകിയിരിക്കുന്നത്. ടീസർ അവസാനിക്കുന്നത് തീം സോങ്ങോട് കൂടിയാണ്. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അളഗപ്പൻ എൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രമേശ് നാരായണൻ ആണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൽ ഇന്ദ്രൻസ് ജസ്റ്റീസ് രാമചന്ദ്രൻ പട്ടാഴി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിരഞ്ജന അനൂപ്, മണിയൻപിള്ള രാജു, ദിനേശ് പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ്, ഗൗരി നന്ദ, നാഥ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജൂലൈ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും.