‘ബാന്ദ്ര’യിൽ ദിലീപ് നിറഞ്ഞാടും; ന്യൂ ഇയർ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്…

‘രാമലീല’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഒരുക്കിയ അരുൺ ഗോപി – ദിലീപ് ടീം വീണ്ടും ഒന്നിക്കുന്ന ‘ബാന്ദ്ര’ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് ഒക്കെ പ്രേക്ഷകർ വളരെയധികം ആഘോഷമാക്കിയിരുന്നു. തെന്നിന്ത്യൻ സൂപ്പർനായിക തമന്നയുടെ മലയാളം അരങ്ങേറ്റം ചിത്രം എന്ന നിലയിലും ബാന്ദ്ര വളരെയധികം ശ്രദ്ധനേടുകയും ചെയ്തു. ഡിനോ മോറിയ, ആർ ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പുതുവത്സര ആശംസകൾ നേർന്ന് കൊണ്ട് ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ പോസ്റ്റർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ ഒരു സ്‌പെഷ്യൽ നമ്പർ ഗാനം ഉണ്ടാവും എന്ന സൂചന ആണ് പുതിയ പോസ്റ്റർ നൽകിയിരിക്കുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ-എന്റർടെയ്‌നർ ആയാണ് ഒരുക്കുന്നത്. ഇപ്പോൾ സ്‌പെഷ്യൽ നമ്പർ ഗാനത്തിന്റെ സൂചനകൾ കിട്ടിയതോടെ ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന ഒരു ഫാൻ ബോയ് ചിത്രമാണ് അരുൺ ഒരുക്കുക എന്ന് കരുതാം. ഡിസംബർ 21 ന് തമന്നയുടെ ജന്മദിനത്തിൽ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീം പുറത്തുവിട്ടിരുന്നു. കൂടാതെ ക്രിസ്മസ് ദിനത്തിൽ ദിലീപും തമന്നയും ഒരുമിച്ചുള്ള പോസ്റ്ററും പുറത്തുവന്നിരുന്നു. കൂടുതലും ഹിന്ദി സംസാരിക്കുന്ന ഒരു കഥാപാത്രത്തെ ആണ് തമന്ന ചിത്രത്തിൽ അവതരിപ്പിക്കുക എന്ന് ഒടിടിപ്ലേ റിപ്പോർട്ട് ചെയ്തിരുന്നു.