തുടർച്ചയായി പൃഥ്വിരാജ് ചിത്രങ്ങൾ എത്തുന്നു; ഒന്നര മാസത്തിൽ മൂന്നു ചിത്രങ്ങൾ റിലീസിന്
യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനാകുന്ന ചിത്രങ്ങൾ കഴിഞ്ഞ ഒന്ന് രണ്ട് മാസമായി റിലീസ് നീട്ടി നീട്ടി മുന്നോട്ടു പോവുകയായിരുന്നു. സാങ്കേതിക കാരണങ്ങൾ കൊണ്ടും മറ്റു ചില കാര്യങ്ങൾ കൊണ്ടൊക്കെയുമാണ് രണം, മൈ സ്റ്റോറി എന്നീ പൃഥ്വിരാജ് ചിത്രങ്ങളുടെ റിലീസ് നീട്ടിയത്. ഇതിൽ മൈ സ്റ്റോറിയുടെ സെൻസറിംഗ് വരെ കഴിഞ്ഞിരിക്കുകയുമാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഇനി മൂന്ന് പൃഥ്വിരാജ് ചിത്രങ്ങൾ റിലീസ് ചെയ്യാൻ പോകുന്നത് ഏകദേശം ഒന്നര മാസത്തിനുള്ളിൽ ആണ്.
ജൂലൈ ആറിന് പ്രദർശനത്തിനെത്തുന്ന പൃഥ്വിരാജ് ചിത്രമാണ് അഞ്ജലി മേനോൻ എഴുതി സംവിധാനം ചെയ്ത കൂടെ. നസ്രിയ തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ പാർവതിയും പൃഥ്വിരാജിനൊപ്പം നിർണ്ണായക വേഷം ചെയ്യുന്നു. അതിനു ശേഷം ജൂലൈ മൂന്നാം വാരം ആണ് മൈ സ്റ്റോറി എന്ന പൃഥ്വിരാജ് ചിത്രം റിലീസ് ചെയ്യുക. റോഷ്‌നി ദിനകർ എന്ന നവാഗത സംവിധായിക ഒരുക്കിയ ഈ ചിത്രത്തിലും പൃഥ്വിരാജ് – പാർവതി ജോഡിയാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ ട്രെയിലർ, പാട്ടുകൾ ഒക്കെ പുറത്തു വന്നു കഴിഞ്ഞു.
നിർമ്മൽ സഹദേവ് എന്ന നവാഗതൻ സംവിധാനം ചെയ്ത രണം എന്ന ക്രൈം ത്രില്ലർ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ചു ഈ ചിത്രം ഓണത്തോടു അനുബന്ധിച്ചു ആഗസ്ത് മാസം രണ്ടാം വാരമോ മറ്റോ പ്രദർശനത്തിന് എത്തുമെന്നാണ്. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയാണ് രണം.
ഇപ്പോൾ നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രം പൂർത്തിയാക്കിയ പൃഥ്വിരാജ് അടുത്തതായി തന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലേക്ക് കടക്കും. അതിനു ശേഷം ബ്ലെസി ഒരുക്കുന്ന ആട് ജീവിതത്തിന്‍റെ രണ്ടാം ഷെഡ്യൂളിൽ ആവും താരം അഭിനയിക്കുക.