പൃഥ്വിരാജ് ഇനി ഹിമാലയത്തിൽ; ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം ‘നയൻ’ ഒരുങ്ങുന്നു!
യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ ‘നയൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽഖർ സൽമാൻ ചിത്രമൊരുക്കി കൊണ്ട് മൂന്ന്‍ വർഷം മുൻപേ അരങ്ങേറ്റം കുറിച്ച ജെനുസ് മുഹമ്മദ് ആണ് ‘നയൻ’ സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ കമലിന്‍റെ മകനായ ജെനുസ് ഒരുക്കിയ ആദ്യ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം ആയിരുന്നു എങ്കിലും ഇത്തവണ രണ്ടും കൽപ്പിച്ചാണ് ജെനുസ് വരുന്നത്. മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ജെനുസ് ഒരുക്കുന്നത്.
ടൈം ട്രാവൽ ആയി ബന്ധപ്പെട്ട വിഷയമാണ് ഈ ചിത്രത്തിലൂടെ പറയാൻ പോകുന്നതെന്ന് സൂചനയുണ്ട്. കേരളത്തിൽ ചിത്രീകരണം അവസാനിപ്പിച്ച് ഇപ്പോൾ ഹിമാലയത്തിലേക്കാണ് പൃഥ്വിരാജ് സുകുമാരനും ജെനുസും പോയിരിക്കുന്നത്. ഇനിയുള്ള ഭാഗങ്ങൾ ഹിമാലയത്തിന്‍റെ താഴ്‌വരയിൽ ആണ് ചിത്രീകരിക്കുക. ഒരു ശാസ്ത്രജ്ഞൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
പൃഥ്വിരാജിന്‍റെ പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമാണ് നയൻ. ഭാര്യ സുപ്രിയയുമൊത്തു പൃഥ്വിരാജ് ആരംഭിച്ച പുതിയ പ്രൊഡക്ഷൻ കമ്പനിയോടൊപ്പം ഈ ചിത്രത്തിൽ സഹകരിക്കുന്നത് ആഗോള ഭീമന്മാരായ സോണി പിക്ചർസ് ആണ്. സോണി പിക്ചർസ് ആദ്യമായി ആണ് മലയാളത്തിൽ എത്തുന്നത്.
അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഷാൻ റഹ്മാൻ ആണ്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. വി എഫ് എക്‌സിന് നിർണ്ണായകമായ പ്രാധാന്യം ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഈ ചിത്രം തീർത്തതിന് ശേഷം പൃഥ്വിരാജ് തന്റെ സംവിധാന സംരംഭമായ ലൂസിഫറിലേക്കു കടക്കും. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ലൂസിഫറിലെ നായകൻ.