in

മമ്മൂട്ടിക്കൊപ്പം വീണ്ടും ആസിഫ് അലി; ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലും കുഞ്ചാക്കോ ബോബനും

മമ്മൂട്ടിക്കൊപ്പം വീണ്ടും ആസിഫ് അലി; ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലും കുഞ്ചാക്കോ ബോബനും

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മോഹൻലാൽ അതിഥി വേഷം ചെയ്യുന്ന ഈ വമ്പൻ ചിത്രം നവംബറിൽ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വർഷം ഫെബ്രുവരിയിലാകും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നും വാർത്തകൾ വന്നിരുന്നു.

അതുപോലെ തന്നെ ശ്രദ്ധ നേടിയ ഒരു അപ്‌ഡേറ്റ് ആയിരുന്നു ഇതിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും വേഷമിടുന്നുണ്ട് എന്നത്. എന്നാൽ ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫഹദ് ഫാസിലിന് പകരം ആസിഫ് അലിയായിരിക്കും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമായി എത്തുക. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഡേറ്റ് ഇഷ്യൂ കാരണമാണ് ഫഹദ് പിന്മാറിയതെന്നാണ് സൂചന.

മമ്മൂട്ടിക്കൊപ്പം ഇതിനു മുൻപും ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. എം എ നിഷാദ് ഒരുക്കിയ ബെസ്റ്റ് ഓഫ് ലക്ക് എന്ന ആസിഫ് അലി ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷം ചെയ്തപ്പോൾ, അനൂപ് കണ്ണൻ ഒരുക്കിയ ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടിക്കൊപ്പം ഒരു മികച്ച വേഷത്തിലാണ് ആസിഫ് എത്തിയത്. മമ്മൂട്ടിയുടെ ഉണ്ട, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലും അതിഥി താരമായി ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.

മഹേഷ് നാരായണൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ശ്രീലങ്ക, കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലായാണ് ഒരുക്കുക. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ പ്രോജക്ടിന്റെ ബഡ്ജറ്റ് 80 കോടിയാണെന്നാണ് വാർത്തകൾ. മമ്മൂട്ടി കമ്പനി, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവർക്കൊപ്പം ഇതിന്റെ നിർമ്മാണത്തിൽ ആശീർവാദ് സിനിമാസും സഹകരിച്ചേക്കുമെന്ന് വാർത്തകളുണ്ട്.

സാബുമോൻ സംവിധായകനാകുന്നു; ഒരുങ്ങുന്നത് കോർട്ട് റൂം ഡ്രാമ, നായികയായി പ്രയാഗ മാർട്ടിൻ

മോഹൻലാൽ- ജിതിൻ ലാൽ ചിത്രം; മറുപടിയുമായി ARM സംവിധായകൻ