മോഹൻലാൽ – ജിതിൻ ലാൽ ചിത്രം; മറുപടിയുമായി ARM സംവിധായകൻ

ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ പ്രചരിച്ച ഒരു വാർത്തയാണ്, ബ്ലോക്ക്ബസ്റ്റർ ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ഒരുക്കിയ സംവിധായകൻ ജിതിൻ ലാലിൻറെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുമെന്നത്. ആശീർവാദ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം 2026 ലാകും പ്രേക്ഷകരുടെ മുന്നിലെത്തുക എന്നും ഒരു പ്രമുഖ ഫേസ്ബുക് സിനിമാ പേജിൽ വാർത്ത വന്നു.
എന്നാൽ അതിന് താഴെ തന്നെ മറുപടിയുമായി ജിതിൻ ലാൽ എത്തിയതും അദ്ദേഹം നൽകിയ മറുപടിയും വൈറലായി മാറുകയും ചെയ്തു. താനും ലാലേട്ടനും ഈ വിവരം അറിഞ്ഞിട്ടില്ല എന്നായിരുന്നു ജിതിന്റെ രസകരമായ കമന്റ്. കടുത്ത മോഹൻലാൽ ആരാധകനായ ജിതിൻ തന്റെ പേരിന്റെ ഒപ്പം ലാൽ എന്ന് ചേർത്തത് തന്നെ ചെറുപ്പം മുതലുള്ള മോഹൻലാൽ ആരാധന കാരണമാണ്. ജിതിൻ ഒരുക്കിയ അജയന്റെ രണ്ടാം മോഷണത്തിൽ പ്രപഞ്ച സൃഷ്ടാവിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും മോഹൻലാൽ ആണ്.

അത്കൊണ്ട് തന്നെ മോഹൻലാൽ നായകനായ ഒരു ഫാൻ ബോയ് ചിത്രം ജിതിൻ ഒരുക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇത് കൂടാതെ മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരുവനന്തപുരം ഷെഡ്യൂളിൽ താൻ പോയ വിവരം വെളിപ്പെടുത്തിക്കൊണ്ട് സെറ്റിൽ നിന്നുള്ള ഒരു വീഡിയോയും ജിതിൻ ഇന്ന് പങ്കു വെച്ചു. അതോടെ മോഹൻലാൽ- ജിതിൻ ചിത്രം നടക്കുമോ എന്ന പ്രേക്ഷകരുടെ ആകാംഷ വർദ്ധിച്ചിട്ടുമുണ്ട്.
2018 ൽ ഒരു ഫാൻ ബോയ് ആയി താൻ ദൂരെ നിന്ന് ലൂസിഫറിന്റെ ഷൂട്ടിംഗ് കണ്ട കാര്യവും ഇന്ന് അടുത്ത് നിന്ന് അതിന്റെ രണ്ടാം ഭാഗം പൃഥ്വിരാജ് എന്ന സംവിധായകൻ ഒരുക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായതും കുറിച്ച് കൊണ്ടാണ് ജിതിൻ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്.