ബോക്സ് ഓഫീസിൽ കുതിച്ച് അജയന്റെ രണ്ടാം മോഷണം, കത്തി പടർന്ന് കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട്
ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം, ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡം എന്നിവ മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുന്നു. ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടിയെടുത്ത ഈ ചിത്രങ്ങൾക്ക് ഓണം വെക്കേഷൻ ദിനങ്ങൾ വലിയ ഗുണം ചെയ്തിട്ടുണ്ട്.
റിലീസ് ചെയ്ത് ആദ്യത്തെ ആറ് ദിനങ്ങൾ പിന്നിടുമ്പോൾ 22 കോടിക്ക് മുകളിൽ കേരളാ ഗ്രോസ് നേടിയ അജയന്റെ രണ്ടാം മോഷണം ആഗോള തലത്തിൽ നേടിയത് 45 കോടിയോളമാണ്. ഏഴാം ദിവസത്തോടെ ടോവിനോ തോമസിന്റെ കരിയറിലെ ആദ്യത്തെ 50 കോടി ഗ്രോസ്സർ ആയി ഈ ചിത്രം മാറും. 47 കോടി ആഗോള ഗ്രോസ് നേടിയ ടോവിനോയുടെ തല്ലുമാലയുടെ റെക്കോർഡാണ് അജയന്റെ രണ്ടാം മോഷണം തകർക്കാൻ പോകുന്നത്.
ആസിഫ് അലി ചിത്രമായ കിഷ്കിന്ധാ കാണ്ഡത്തിന്റെ തുടക്കം പതിഞ്ഞത് ആയിരുന്നെങ്കിലും, പ്രേക്ഷക പ്രതികരണം ഗംഭീരമായതോടെ ചിത്രം ബോക്സ് ഓഫീസിലും കത്തി പടർന്നു. ആറ് ദിവസം പിന്നിടുമ്പോൾ 17 – 18 കോടിയുടെ അടുത്താണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയി മാറാനുള്ള കുതിപ്പിലാണ് ഈ ചിത്രം. 10 കോടിയോളമാണ് ചിത്രം നേടിയ കേരളാ ഗ്രോസ്.
സുജിത് നമ്പ്യാർ രചിച്ച അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്തത് നവാഗതനായ ജിതിൻ ലാലും നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നുമാണ്. ബാഹുൽ രമേശ് രചിച്ച കിഷ്കിന്ധാ കാണ്ഡം സംവിധാനം ചെയ്തത് ദിൻജിത് അയ്യത്താൻ, നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്.