in

മോഹൻലാൽ- അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും; ഒപ്പം ഫഹദ് ഫാസിലും

മോഹൻലാൽ- അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും; ഒപ്പം ഫഹദ് ഫാസിലും

മലയാളത്തിന്റെ താരചക്രവർത്തിയായ മോഹൻലാൽ വീണ്ടും അമൽ നീരദിനൊപ്പം കൈകോർക്കുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ഒരു മോഹൻലാൽ ചിത്രം അടുത്ത വർഷം സംഭവിക്കും. ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്നാണ് സൂചന. അമൽ നീരദ്- ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാവും ചിത്രം നിർമ്മിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്. 2009 ഇൽ പുറത്തു വന്ന സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് അമൽ നീരദ്- മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. എസ് എൻ സ്വാമി രചിച്ച്, ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും മികച്ച സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു.

ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, കുള്ളന്റെ ഭാര്യ, ഇയ്യോബിന്റെ പുസ്തകം, സിഐഎ, വരത്തൻ, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളൊരുക്കിയ അമൽ നീരദിന്റെ ഇനിയുള്ള റിലീസ് ബൊഗൈൻവില്ലയാണ്. കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ടീമൊന്നിച്ച ഈ ചിത്രം ഈ വർഷം ഒക്ടോബർ പത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും.

മോഹൻലാൽ- ഫഹദ് ഫാസിൽ ചിത്രത്തിന് മുൻപ്, ഒരു മമ്മൂട്ടി- ദുൽഖർ ചിത്രം കൂടി അമൽ നീരദ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. അതുപോലെ തന്നെ മോഹൻലാൽ- ഫഹദ് ഫാസിൽ- അമൽ നീരദ് ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും എത്തിയേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

ആൻ്റണി വർഗീസിന്റെ ‘കൊണ്ടലി’ൽ ഞെട്ടിക്കാൻ ‘ഡാൻസിംഗ് റോസ്’ ഷബീർ; ക്യാരക്ടർ പോസ്റ്റർ പുറത്ത്…

ട്രിപ്പിൾ റോളിൽ മമ്മൂട്ടിയുടെ അതുല്യ പ്രകടനം; ‘പാലേരി മാണിക്യം’ റീ റിലീസ് ട്രെയിലർ പുറത്ത്…