അൽഫോൻസ് പുത്രൻ, ജിത്തു ജോസഫ് ചിത്രങ്ങളിൽ കാളിദാസ് ജയറാം നായകന്‍!
പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ആദി ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആണ് നേടിയത്. ഇതിനുശേഷം ജിത്തു ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നതും മറ്റൊരു താരപുത്രൻ ആണ്. ജനപ്രിയ താരം ജയറാമിന്‍റെ മകൻ കാളിദാസ് ആണ് ജിത്തു ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായകൻ.
കാളിദാസ് ജയറാമിന്റെ അടുത്ത മലയാള ചിത്രവും ഇത് തന്നെ. കാളിദാസ് ജയറാം തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താരത്തിന്റെ അടുത്ത ചിത്രം തമിഴിൽ ആണ്. അൽഫോൻസ് പുത്രൻ ആണ് ഈ തമിഴ് ചിത്രം ഒരുക്കുന്നത്. കാളിദാസ് – ജിത്തു ജോസഫ് ചിത്രം ഈ വർഷം അവസാനം മാത്രമേ ആരംഭിക്കൂ.
നേരം , പ്രേമം എന്നീ ചിത്രങ്ങളുടെ വലിയ ആരാധകൻ ആണ് താനെന്നും ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ കാളിദാസ് പറയുന്നു. ജിത്തു ജോസഫ്, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ ഫിലിം മേക്കേഴ്സിനൊപ്പം ജോലി ചെയ്യാൻ ആവുന്നതിൽ വളരെ സന്തോഷമുള്ള കാര്യം ആണെന്ന് കാളിദാസ് ജയറാം പറയുന്നു.
അതെ സമയം ജിത്തു ജോസഫ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണം.