in

ക്ളീൻ യു സർട്ടിഫിക്കറ്റോടെ ‘എലോൺ’; റിലീസ് സൂചന നൽകി ഷാജി കൈലാസ്…

ക്ളീൻ യു സർട്ടിഫിക്കറ്റോടെ ‘എലോൺ’; റിലീസ് സൂചന നൽകി ഷാജി കൈലാസ്…

അടുത്തതായി റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ‘എലോൺ’. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് ഇതൊരു ഡയറക്റ്റ് ഒടിടി റിലീസ് ചിത്രം ആണെന്ന അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നുവെങ്കിലും തിയേറ്റർ റിലീസ് ആണ് ചിത്രം എന്ന് സ്ഥിരീകരണം ചിത്രത്തിന്റെ ടീസർ നൽകിയിരുന്നു. ഇപ്പോളിതാ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായ ചിത്രം ക്ളീൻ യു സർട്ടിഫിക്കറ്റ് നേടിയ വിവരമാണ് ഷാജി കൈലാസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

ഉടൻ തന്നെ ചിത്രം റിലീസ് ചെയ്യും എന്നും ഷാജി കൈലാസ് കുറിച്ചിട്ടുണ്ട്. മുമ്പ് എലോണിന്റെ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്ത ടീസർ പ്രേക്ഷകരിൽ നിന്ന് നിരവധി നല്ല പ്രതികരണങ്ങൾ നേടിയിരുന്നു. കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന് പരിമിതമായ ലൊക്കേഷനുകളും കഥാപാത്രങ്ങളും മാത്രമേയുള്ളൂ. മോഹൻലാൽ എന്ന നടൻ മാത്രമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. പൃഥ്വിരാജ്, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ ശബ്ദ സാന്നിധ്യമായും ചിത്രത്തിന്റെ ഭാഗമാകുന്നു. ‘യഥാർത്ഥ ഹീറോകൾ എപ്പോഴും തനിച്ചാണ്’ എന്ന് അർത്ഥം വരുന്ന ടാഗ്‌ലൈനോടെയാണ് ‘അലോൺ’ എത്തുന്നത്.മഹാമാരിക്കാലത്ത് കോയമ്പത്തൂരിൽ നിന്ന് യാത്ര ചെയ്യുന്നതിനിടയിൽ കേരളത്തിൽ കുടുങ്ങിയ മോഹൻലാലിന്റെ കാളിദാസ് എന്ന കഥാപാത്രത്തെക്കുറിച്ചാണ് കഥ. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

അതേ സമയം, ഷാജി കൈലാസിന്റെ മറ്റൊരു ചിത്രമായ കാപ്പയുടെ റിലീസും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഡിസംബർ 22ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിലൂടെ ആയിരുന്നു കാപ്പ ടീം ഈ റിലീസ് തീയതി പുറത്തുവിട്ടത്. കടുവ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് – പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്ന പ്രതീക്ഷ ആണ് ഈ ചിത്രത്തിൽ നിറയുന്നത്. കാപ്പയെ പോലെ എലോണും ഈ മാസം തന്നെ തിയേറ്ററുകളിൽ എത്തുമോ എന്നറിയാൻ കാത്തിരിക്കുക ആണ് ആരാധകർ.

‘തങ്ക’ത്തിൽ പൊതിഞ്ഞ ചെറുപുഞ്ചിരിയോടെ താരങ്ങൾ; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ…

“വണ്ടർ അടിപ്പിച്ച ആ സീനുകൾ ചിത്രീകരിച്ചത് ഇങ്ങനെ”; റോഷാക്കിന്റെ മേകിങ് വീഡിയോ…