“ഇന്നലത്തെക്കാൾ ശക്തൻ”; മോഹൻലാൽ ചിത്രം എലോണിൻ്റ അപ്‌ഡേറ്റുമായി ഷാജി കൈലാസ്…
ആറാട്ട്, ബ്രോ ഡാഡി, മോൺസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം അടുത്തതായി റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ‘എലോൺ’. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത മാസം റിലീസ് ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ചിത്രത്തിന്റെ ടീസറിൽ സൂചിപ്പിച്ചത് തിയേറ്റർ റിലീസ് ആയി ചിത്രം എത്തും എന്നാണ്. ദിവസങ്ങൾക്ക് മുൻപ് എലോൺ ഫൈനൽ സ്റ്റേജിൽ ആണെന്ന് സൂചിപ്പിച്ച് ഒരു ചിത്രം ഷാജി കൈലാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റും ഷാജി കൈലാസ് പുറത്തുവിട്ടിരിക്കുക ആണ്. ‘ഇന്നലത്തെക്കാൾ ശക്തനായിരിക്കുന്നു’ എന്ന ക്യാപ്ഷൻ നൽകി അദ്ദേഹം എലോണിലെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുക ആണ്. ചിത്രത്തിന്റെ തീമുമായി ബന്ധപ്പെട്ട എന്തേലും അല്ലെങ്കിൽ ഡയലോഗ് ആയിരിക്കാം ഈ ക്യാപ്ഷനിൽ സൂചിപ്പിക്കുന്നത് എന്ന് കരുതാം.
മൊബൈൽ നോക്കി മീശ പിരിക്കുന്ന മോഹൻലാലിനെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മോഹൻലാൽ മാത്രം അഭിനേതാവായി സ്ക്രീനിൽ എത്തുന്ന ചിത്രമായാണ് എലോൺ ഒരുങ്ങുന്നത്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി നടന്മാരായ പൃഥ്വിരാജ്, സിദ്ധിഖ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന് ടീസർ സൂചിപ്പിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് ജയരാമൻ ആണ്. അഭിനന്ദൻ രാമാനുജവും പ്രമോദ് കെ പിള്ളയും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 4 മൂസിക് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റർ ഡോൺ മാക്‌സ് ആണ്.