‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ഐശ്വര്യ ലക്ഷ്മി
യുവ നടൻ ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ചിത്രം ആണ് ‘വിജയ് സൂപ്പറും പൗർണമിയും’. ചിത്രത്തിൽ നായിക ആയി മംമ്ത മോഹൻദാസ് എത്തും എന്നാണ് മുമ്പ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ മറ്റൊരു യുവ നടി ആണ് ആസിഫ് അലിയുടെ നായിക ആയി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
‘മായാനദി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മി ആണ് ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ഈ ചിത്രത്തിൽ നായിക ആവുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്.
കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടു ഒരുക്കുന്ന ഒരു റൊമാന്റിക് ത്രില്ലർ ആണ് ‘വിജയ് സൂപ്പറും പൗർണമിയും’. ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ടിന്‍റെ മൂന്നാമത്തെ ചിത്രമാണ് ഇത്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ ആണ് മുൻപ് ഇരുവരും ഒന്നിച്ചത്.
രഞ്ജി പണിക്കർ, ബാലു വർഗീസ്, സിദ്ദിഖ്, ശാന്തി കൃഷ്ണ, കെ പി എ സി ലളിത തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജൂലൈ മാസത്തിൽ ചിത്രീകരണം തുടങ്ങും എന്നാണ് വിവരം. മന്ദാരം, ഇബിലീസ് തുടങ്ങിയവ ആണ് ചിത്രീകരണം പൂർത്തിയായ മറ്റു ആസിഫ് അലി ചിത്രങ്ങൾ.