in ,

യൗവനത്തിന്റെ തിളച്ചു മറിയുന്ന ‘ആവേശം’; റിവ്യൂ വായിക്കാം…

യൗവനത്തിന്റെ തിളച്ചു മറിയുന്ന ‘ആവേശം’; റിവ്യൂ വായിക്കാം…

രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ കയ്യടി നേടിയ ജിത്തു മാധവൻ രചിച്ചു സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമായ ആവേശം ഇന്ന് തിയേറ്ററുകളിൽ എത്തി. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ, നസ്രിയ, അൻവർ റഷീദ് എന്നിവർ ചേർന്നാണ്. ആക്ഷനും കോമഡിയും ഇടകലർത്തിയൊരുക്കിയ ഈ ബിഗ് ബജറ്റ് എന്റെർറ്റൈനെർ വലിയ പ്രതീക്ഷകളോടെ ആണ് റിലീസ് ആയത്. ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും ശ്രദ്ധേയമായ പോസ്റ്ററുകളും പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിച്ചിരുന്നു.

ബാംഗ്ലൂരിൽ പഠനത്തിനായി എത്തിയ മൂന്ന് വിദ്യാർഥികളെയും രങ്ക എന്ന ഗുണ്ടയെയും ചുറ്റിപറ്റി പറയുന്ന കഥയാണ് ഈ ചിത്രം. ബാംഗ്ലൂർ നഗരത്തിൽ ഒരു ഡോൺ ലെവൽ സ്വാധീനമുള്ള രങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിൽ ആണ്. ഒരു ക്യാമ്പസ് പ്രശ്‌നത്തിന്റെ ഭാഗമായി മൂന്ന് വിദ്യാർഥികൾ ലോക്കൽ സപ്പോർട്ടിന് ശ്രമിക്കുകയും യാദൃച്ഛികമായി രങ്കയുടെ അടുത്ത് എത്തിച്ചേരുന്നതിലൂടെയും ആണ് ചിത്രം വികസിക്കുന്നത്. അവർ ആഗ്രഹിച്ച കാര്യങ്ങൾ രങ്കയിൽ നിന്ന് ലഭിക്കുമോ അതോ ആഗ്രഹിച്ചതിലും കൂടുതൽ ലഭിക്കുമോ ഇനി അതുമല്ല അവരെ കൂടുതൽ പ്രശ്നങ്ങളിലേക്ക് രങ്ക എത്തിക്കുമോ എന്ന ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് എത്തിച്ച് ആണ് ഈ ചിത്രം പുരോഗമിക്കുന്നത്.

രോമാഞ്ചം എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത് പോലെ, വളരെ രസകരമായ, പുതുമയേറിയ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ ജിത്തു മാധവൻ കാണിച്ച മിടുക്കു തന്നെയാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നത്. ഏറെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ മനസ്സിലെത്തിക്കുന്നതെന്ന് പറയാം. അത് കൊണ്ട് ആദ്യം തന്നെ അഭിനന്ദനം അർഹിക്കുന്നത് ജിത്തു മാധവൻ എന്ന രചയിതാവാണ്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ ചിത്രത്തെ കൂടുതൽ രസകരമാക്കിയപ്പോൾ, മികച്ച കഥാ സന്ദർഭങ്ങൾ ഒരുക്കിയ ജിത്തു മാധവൻ എന്ന സംവിധായകന് ഒരു മനോഹരമായ ദൃശ്യ ഭാഷ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമയും വ്യത്യസ്തതയും ചിത്രം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച രീതി തന്നെയാണ്. ആക്ഷനും ത്രില്ലും തമാശയും ഡ്രാമയും എല്ലാം ഇട കലർത്തി ഒരു പക്കാ എന്റെർറ്റൈനെർ ആയി ചിത്രത്തെ മാറ്റിയപ്പോൾ തന്നെ, ഈ കഥയിലെ പുതുമ പ്രേക്ഷകന് അനുഭവേദ്യമാകുന്ന രീതിയിൽ തന്നെ അവരെ ചിത്രത്തിലേക്ക് അടുപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ കളർഫുളായാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾ പ്രസരിപ്പിക്കുന്ന ഊർജവും കഥ മുന്നോട്ടു പോകുന്ന വേഗതയുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ഗാനങ്ങളുടെ കൃത്യമായ ഉപയോഗവും യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.

ഫഹദ് ഫാസിൽ എന്ന നടന്റെ രസകരമായ ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടതാണ് ഈ ചിത്രത്തിന്റെ മികവ് എന്ന് പറയാം. ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. കന്നഡ കലർന്ന മലയാളം സ്ലാങ്ങുമായി ഫഹദ് ചിത്രത്തിൽ നിറഞ്ഞാടുകയാണ്. ഫഹദ് എന്ന പെർഫോർമർ അഴിഞ്ഞാടുന്ന ചിത്രമെന്ന് തന്നെ ആവേശത്തെ വിശേഷിപ്പിക്കാം. ഫഹദിനൊപ്പം മറ്റു കഥാപാത്രങ്ങളും രസകരമായാണ് ചിത്രത്തിൽ നിറഞ്ഞു നിന്നത്. അതിൽ തന്നെ സജിൻ ഗോപു അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, റോഷൻ ഷാനവാസ്, മിഥുട്ടി, മിഥുൻ ജയ് ശങ്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.

സമീർ താഹിറാണ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ വിവേക് ഹർഷൻ തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. ഊർജസ്വലമായ ഗാനങ്ങളും രസകരമായ പശ്ചാത്തല സംഗീതവും ഒരുമിച്ചു വന്നപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു. മികച്ച സംഗീതവും ദൃശ്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകനെ മുഷിപ്പിക്കാതെ വേഗതയും ഒത്തുചേർന്നപ്പോൾ ആവേശം കൂടുതൽ രസകരമായി മാറുകയായിരുന്നു എന്ന് പറയാം. കഥ നടക്കുന്ന അന്തരീക്ഷം പ്രേക്ഷകരുടെ മനസിലെത്തിക്കുന്നതിൽ സമീർ താഹിർ നൽകിയ ദൃശ്യങ്ങളും അതിന് സുഷിൻ നൽകിയ പശ്‌ചാത്തല സംഗീതവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആവേശം പ്രേക്ഷകരെ ഒരുപാട് ആവേശം കൊള്ളിക്കുന്ന, രസിപ്പിക്കുന്ന ഒരു പക്കാ എന്റെർറ്റൈനെർ ആണ്. കൊടുത്ത ക്യാഷ് മുതലാവുന്ന ഒരു രസികൻ ആക്ഷൻ – കോമഡി ത്രില്ലർ ആണ് ഈ ചിത്രം. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്നതിനൊപ്പം പുതുമയുടെ ഫീൽ നൽകാനും കഴിയും എന്നതാണ് ആവേശത്തിന്റെ ഹൈലൈറ്റ്.

Content Summary: Aavesham Movie Review

രോമാഞ്ചം സ്പിൻ ഓഫ് ആണോ ആവേശം?; മറുപടി നൽകി സംവിധായകൻ

കാത്തിരിപ്പ് വെറുതെ ആവില്ല, പ്രതീക്ഷ നൽകി ദുൽഖറിൻ്റെ ‘ലക്കി ഭാസ്കർ’ ടീസർ എത്തി…