രോമാഞ്ചം സ്പിൻ ഓഫ് ആണോ ആവേശം?; മറുപടി നൽകി സംവിധായകൻ

ഫഹദ് ഫാസിലിനെ നായകനാക്കി, രോമാഞ്ചത്തിലൂടെ കയ്യടി നേടിയ സംവിധായകൻ ജീത്തു മാധവൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ആവേശം ആണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചാ വിഷയം. നാളെ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന് മേൽ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചവുമായി ആവേശത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന ഘടകം. കാരണം, രോമാഞ്ചത്തിൽ സയ്ദ് എന്ന നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ചെമ്പൻ വിനോദ്, കഴിഞ്ഞ വർഷം നൽകിയ ഒരു റേഡിയോ അഭിമുഖത്തിൽ അത്തരത്തിലൊരു സൂചന പുറത്തു വിട്ടിരുന്നു. രോമാഞ്ചത്തിൽ നിന്നുള്ള കഥാപാത്രങ്ങളുടെ ജീവിതം ഉൾപ്പെടുന്ന ഒരു സ്പിൻ ഓഫ് ചിത്രമായിരിക്കും ആവേശമെന്ന സൂചനയാണ് ചെമ്പൻ വിനോദ് അന്ന് നൽകിയത്. താൻ അവതരിപ്പിച്ച സയ്ദ് എന്ന കഥാപാത്രത്തിന്റെ മറ്റൊരു കാലഘട്ടമാണ് ആവേശത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
എന്നാൽ ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന സംവാദത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്, രോമാഞ്ചവുമായി ആവേശത്തിന് യാതൊരു ബന്ധവുമില്ല എന്നാണ്. രണ്ടിന്റെയും കഥ നടക്കുന്നത് ബാംഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന സാമ്യം മാത്രമേ ഉള്ളു എന്നും, ഫഹദ് അവതരിപ്പിക്കുന്ന രങ്കൻ എന്ന കഥാപാത്രത്തിന് ചെമ്പന്റെ സയ്ദ് എന്ന കഥാപാത്രവുമായി ബന്ധമൊന്നുമില്ല എന്നും സംവിധായകൻ ജിത്തു മാധവൻ വെളിപ്പെടുത്തി. ബെംഗളൂരിൽ പലയിടത്തും കണ്ടിട്ടുള്ള ആളുകളിൽ നിന്നും പ്രചോദനം കൊണ്ട് ഒരുക്കിയെടുത്ത കഥാപാത്രമാണ് രങ്കൻ എന്നും രോമാഞ്ചത്തിലെ കഥാപാത്രവുമായി രങ്കന് ബന്ധമില്ലെന്നും ജിത്തു പറയുന്നു. രണ്ട് കഥാപാത്രങ്ങളുടെയും ഗെറ്റപ്പിൽ മാത്രമാണ് സാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രങ്കൻ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് രോമാഞ്ചം ചെയ്തപ്പോൾ സയ്ദിന് നൽകിയെന്നേ ഉള്ളുവെന്നും ജിത്തു പറയുന്നു.