തിയേറ്ററുകളിൽ നിലയ്ക്കാത്ത ‘ആവേശ’ത്തിന് 100 കോടി ക്ലബ്ബിൽ ഹാപ്പി എൻട്രി…
വിഷു റിലീസ് ആയി എത്തി ജിത്തു മാധവൻ – ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഇന്ന് തിയേറ്ററുകളിൽ 13 ദിവസങ്ങൾ പിന്നീടുകയാണ്. ആവേശം ഒട്ടും ചോരാതെ പ്രേക്ഷകർ സ്വീകരിച്ച ചിത്രം ഇന്നത്തെ ദിവസം പിന്നിടുമ്പോൾ മലയാളത്തിന്റെ ഏഴാമത്തെ 100 കോടി ക്ലബ് ചിത്രമായി മാറും. ഇന്നത്തെ ദിവസം പൂർത്തിയാക്കുമ്പോൾ ചിത്രത്തിന്റെ ആകെ കളക്ഷൻ 100.7 കോടി കടക്കും എന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് ഉറപ്പ് നല്കുന്നത്.
12ആം ദിവസമായ ഇന്നലെ 4.6 കോടി നേടികൊണ്ട് ചിത്രത്തിന്റെ ആകെ കളക്ഷൻ 96.62 കോടിയിൽ എത്തിയിരുന്നു. രണ്ടാമത്തെ തിങ്കളാഴ്ച കൂടിയായ ഇന്നലെ അതി ഗംഭീര പ്രകടനം ആണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. ആവേശം കൂടി 100 കോടി ക്ലബിൽ എത്തിയത് കൂടി മലയാളത്തിന്റെ ഈ വർഷത്തെ 100 കോടി ക്ലബ് ചിത്രങ്ങളുടെ എണ്ണം നാലിൽ എത്തിയിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നീ ചിത്രങ്ങൾക്ക് പിറകെ ആണിപ്പോൾ ആവേശവും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ബാംഗ്ലൂർ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ജിത്തു മാധവൻ ഒരുക്കിയ ഈ ചിത്രം ആക്ഷനും കോമഡിയും ഒരുപോലെ ഇടകലർത്തിയ രീതിയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. മൂന്ന് കോളേജ് വിദ്യാർഥികൾ ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ ലോക്കൽ സപ്പോർട്ടിന്റെ ആവശ്യകത അവർക്ക് ഉണ്ടാവുകയും അവരുടെ അന്വേഷണം രങ്ക എന്ന ഗുണ്ടയിലേക്ക് എത്തുകയും ചെയ്യുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ രസകരമായി പറയുക ആണ് ഈ ചിത്രം. രങ്ക എന്ന ഗുണ്ടയായി ആണ് ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിന്റെ അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകരുടെ കയ്യടികൾ നേടുന്നുണ്ട്.
അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്ന്‍സ്, ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അന്‍വര്‍ റഷീദും നസ്രിയയും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.