ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ്ങ്; ‘ആറാട്ട്’ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട്…

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ആറാട്ട് കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയിരുന്നു. സൂപ്പർതാരം മോഹൻലാലിന്റെ വൺ മാൻ ഷോ എന്ന് പ്രേക്ഷകർ ഒന്നാകെ വിശേഷിപ്പിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുക ആണ്.
ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ്ങ് ആണ് ചിത്രത്തിന് ലഭിച്ചത്. 3.85 കോടി രൂപ ആണ് ഗ്രോസ് കളക്ഷനായി കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് ആദ്യ ദിനത്തിൽ ചിത്രം നേടിയത്. മരക്കാർ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് പിന്നിൽ ആദ്യ ദിന കളക്ഷനിൽ മൂന്നാം സ്ഥാനം (പോസ്റ്റ് കോവിഡ് ബോക്സ് ഓഫീസ്) ചിത്രത്തിന് നേടാൻ സാധിച്ചു.

ആദ്യ ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഷോ കളിച്ച ചിത്രങ്ങളിലും മൂന്നാം സ്ഥാനത്ത് ആണ് ആറാട്ട്. സ്ക്രീനുകളുടെ എണ്ണത്തിൽ ആവട്ടെ രണ്ടാം സ്ഥാനവും. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ചിത്രത്തിന്റെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രകടനത്തിൽ കരുത്താകും എന്നാണ് വിലയിരുത്തൽ.
മാസ് എന്റർടൈനർ ആയി ഒരുങ്ങിയ ആറാട്ടിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ കൂട്ട്കെട്ടിന്റെ ആദ്യ ചിത്രമാണ് ഇത്. കൂടാതെ, ആദ്യമായി ആണ് ഒരു കംപ്ലീറ്റ് മാസ് ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ എത്തുന്നതും. സിദ്ധിഖ്, ജോണി ആന്റണി, വിജയരാഘവൻ, റിയാസ് ഖാൻ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, നെടുമുടി വേണു, നന്ദു, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.