in ,

ആഘോഷിക്കാൻ ഒരു മാസ് മസാല വിരുന്ന്; ‘ആറാട്ട്’ റിവ്യൂ

ആഘോഷിക്കാൻ ഒരു മാസ് മസാല വിരുന്ന്; ‘ആറാട്ട്’ റിവ്യൂ

അന്യഭാഷാ സൂപ്പർതാരങ്ങളുടെ മാസ് മസാല ചിത്രങ്ങൾ കേരളത്തിൽ എത്തി ആഘോഷമാകുന്നത് നമ്മൾ നിരന്തരം കാണുക ആണ്. നമ്മുടെ സൂപ്പർതാരങ്ങളുടെ അത്തരം ചിത്രങ്ങളുടെ അഭാവം ആരാധകരെ വലിയ രീതിയിൽ തന്നെ നിരാശരാക്കുന്നുണ്ട്. അതിനൊരു മറുപടിയാണ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ‘ആറാട്ട്’.

കോമഡിയും ആക്ഷനും ഡാൻസും ഒക്കെ നിറഞ്ഞൊരു ആഘോഷ ചിത്രമായിട്ടാണ് ഇന്ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ‘ആറാട്ട്’ എത്തിയിരിക്കുന്നത്. യാതൊരു അവകാശവാദവും ഇല്ലാതെ എത്തുന്ന ഈ ചിത്രത്തിന് ഒരു ലക്ഷ്യമേ ഉള്ളൂ. തീയേറ്ററിൽ ആഘോഷ കാഴ്ച നിറച്ചു പ്രേക്ഷകരെ രസിപ്പിക്കുക, ആനന്ദിപ്പിക്കുക. മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ താരത്തിനെ ആഘോഷിക്കുക കൂടിയാണ് ആറാട്ട്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപത്രമായി ആണ് മോഹൻലാൽ എത്തുന്നത്. പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് ഗോപൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്. തന്നെ കാത്തിരിക്കുന്ന ഒരു ജനകൂട്ടത്തിന്‍റെ ഇടയിലേക്ക് ആണ് ഗോപൻ എത്തുന്നത്. ആ വരവ് മുതൽ ആഘോഷങ്ങൾ തുടങ്ങുകയാണ്. തലയുടെ വിളയാട്ടം എന്ന തീം സോങിന്റെ അകമ്പടിയോടെ സ്ക്രീനിൽ പിന്നെ നിറയുന്നത് ഒരു മോഹൻലാൽ ഷോ ആണ്. ഒരു മാസ് മസാല ചിത്രത്തിൽ വ്യത്യസ്തമായ കഥയ്ക്ക് അപ്പുറം പ്രേക്ഷകർ ആഗ്രഹിക്കുന്നത് മാസ് സീനുകളും കോമഡികളും ഡാൻസും എല്ലാം ആണ്. അത് നൂറ് ശതമാനം ആറാട്ട് നൽകുന്നുണ്ട്. അതിന് ഒപ്പം തന്നെ ചില ട്വിസ്റ്റുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പറയാം. ചില ഭാഗങ്ങളിൽ ചിത്രം ഒരു ത്രില്ലർ മൂഡിലേക്കും പോകുന്നുണ്ട്.

മോഹൻലാൽ ഹിറ്റ് ചിത്രങ്ങളുടെ റഫറൻസുകൾ ചിത്രത്തിൽ ഉടനീളം കാണാൻ കഴിയും. താരങ്ങളുടെ മാസ് മസാല സിനിമകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു സംഗതിയാണ് ഇത്. കൈയ്യടികൾ നേടാൻ വേണ്ടി വെറുതെ തിരുകികയറ്റിയത് എന്ന ഫീൽ നൽകാതെ ചിത്രത്തിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഈ റഫറൻസുകൾ ഉപയോഗപ്പെടുത്തിയതിൽ കയ്യടി അർഹിക്കുന്നു.

പ്രകടനങ്ങളിലേക്ക് വന്നാൽ, പൂർണമായും മോഹൻലാലിന്റെ വൺ മാൻ ഷോ ആണ് ആറാട്ട് എന്ന് പറയാം. ഏറ്റവും മികച്ച ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. അസാധ്യ കോമഡി ആക്ഷൻ ടൈമിംഗ് കൊണ്ട് പ്രേക്ഷകരെ അദ്ദേഹം വിസ്മയിപ്പിക്കുക ആണ്. വളരെ ഊർജ്ജസ്വലനായി സിനിമയിൽ ഉടനീളം അദ്ദേഹ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അവർ ആഗ്രഹിച്ച ഒരു മോഹൻലാലിനെ കാണാൻ സാധിച്ചു എന്ന് പറയാം. ചിത്രത്തിൽ ഹാസ്യത്തിന് പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ധിഖും ജോണി ആന്റണിയും ആണ്. ഇരുവരും അതിൽ വിജയിച്ചു. വിജയരാഘവൻ, നെടുമുടി വേണു, ഇന്ദ്രൻസ്, ശ്രദ്ധ ശ്രീനാഥ്‌ തുടങ്ങിയവരും മറ്റ്‌ താരങ്ങളും അവരുടെ ഭാഗങ്ങൾ മികച്ചത് ആക്കി.

എല്ലാ കാലവും ബോക്സ് ഓഫീസിൽ ആഘോഷമാക്കുന്ന ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി വിജയിച്ചിട്ടുള്ള ഉദയകൃഷ്ണ ഇത്തവണയും അതിൽ വിജയിച്ചിട്ടുണ്ട്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആകട്ടെ തനിക്ക് മാസ് മസാല ചിത്രങ്ങളും ഒരുക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുക ആണ്.

രാഹുൽ രാജ് ഒരുക്കിയ സംഗീതം ആറാട്ടിന്റെ പ്രധാന ഹൈലൈറ്റ്സിൽ ഒന്നാണ്. നെയ്യാറ്റിൻകര ഗോപന്റെ മാസ് സീനുകൾ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ബാക്ക്ഗ്രൗണ്ട് സ്കോറിനും ഷമീർ മുഹമ്മദിന്റെ എഡിറ്റിംങ്ങിനും സാധിച്ചിട്ടുണ്ട്. കളര്‍ഫുള്ളും കണ്ണിന് കുളിര്‍മ്മയും നല്‍കുന്ന ഫ്രെയിമുകള്‍ ഒപ്പിയെടുത്ത ഛായാഗ്രഹകന്‍ വിജയ് ഉലകനാഥിന്‍റെ സേവനം കയ്യടി അര്‍ഹിക്കുന്നു.

ആഘോഷിക്കാൻ ഒരു മാസ് മസാല വിരുന്ന് തന്നെ ആണ് ബി ഉണ്ണികൃഷ്ണനും ടീമും ഒരുക്കിയിരിക്കുന്നത്. ആഘോഷ മനസോടെ തീയേറ്ററുകളിൽ അരവങ്ങളോടെ കുടുംബമായി കണ്ട് ആസ്വദിച്ചു മടങ്ങാവുന്ന നല്ലൊരു എന്റർടൈനർ പാക്കേജ് തന്നെയാണ് ആറാട്ട്. ഡാർക് സിനിമകളുടെ കാലത്ത് വലിയ ആശ്വാസം സമ്മാനിക്കും ഈ ചിത്രം എന്ന് നിസംശയം പറയാം.

മണിക്കൂറുകൾ ബാക്കി, ‘ഹൃദയം’ ഒടിടി റിലീസ് സമയം പ്രഖ്യാപിച്ചു…

ബോക്സ് ഓഫീസിൽ വമ്പൻ ഓപ്പണിങ്ങ്‌; ‘ആറാട്ട്’ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട്…