പുതുമുഖ താരമായി തോന്നിയില്ല, പ്രണവിന്റേത് ബ്രില്ല്യന്റ് പെർഫോമൻസ്: വിശാൽ
കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രം ആദി മികച്ച അഭിപ്രായങ്ങളും നേടി ബോക്സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക് കുതിക്കുക ആണ്. ജിത്തു ജോസഫ് ഒരുക്കിയ ഈ ചിത്രത്തെയും ആദിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലിനെയും പ്രശംസിച്ചു സിനിമാ രംഗത്ത് നിന്നും നിരവധി പേർ എത്തി. തമിഴ് നടൻ വിശാലും അതിലൊരാൾ ആണ്.
ആദി കണ്ടതിന് ശേഷം വിശാൽ തന്റെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തത് ഇങ്ങനെ: “ഏറ്റവും അടുത്ത സുഹൃത്തുക്കളായ സുചിത്രയുടെയും ലാലേട്ടന്റെയും സൂപ്പർ ടാലന്റഡ് മകനായ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ആദി കണ്ടു. ഒരു പുതുമുഖ താരം എന്ന നിലയിൽ ബ്രില്ല്യന്റ് പെർഫോമൻസ്. പുതുമുഖ താരമായി തോന്നിയതേ ഇല്ല. എല്ലാവിധ ആശംസകളും”
തമിഴ് സിനിമയിൽ ശ്രദ്ധേയനായ വിശാൽ കഴിഞ്ഞ വർഷം ആദ്യമായി മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ വില്ലന് ആയിരുന്നു വിശാലിന്റെ അരങ്ങേറ്റ മലയാള ചിത്രം.