“വില്ലൻ ചിരിയോടെ വൻ വൈബിൽ തല, വൻ സംഭവം ലോഡിങ്”; അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലി ട്രെയിലർ…

സൂപ്പർ താരം അജിത് കുമാറിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയിലർ പുറത്തിറങ്ങി. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തിയ ട്രെയിലർ ആരാധകരിൽ വൻ ആവേശം തീർക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്കിലെ വമ്പൻ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൻ്റെ തമിഴിലെ കന്നി സംരംഭം കൂടിയാണ്.
ആക്ഷനും മാസും ഒരുപോലെ ഒത്തിണങ്ങിയ രംഗങ്ങളോടെ എതിയിരിക്കുന്ന ട്രെയിലറിൻ്റെ പ്രധാന ആകർഷണം അജിത് കുമാറിൻ്റെ വ്യത്യസ്തവും ആകർഷകവുമായ വിവിധ ഗെറ്റപ്പുകൾ ആണ്. ജി.വി. പ്രകാശ് കുമാറിൻ്റെ പശ്ചാത്തല സംഗീതം ട്രെയിലറിന് കൂടുതൽ ഊർജ്ജം നൽകുന്നു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ അർജുൻ ദാസ്, തൃഷ എന്നിവരെയും ട്രെയിലറിൽ കാണാം.
വിരമിച്ച ഒരു ഗുണ്ടയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളും, അയാളെ വീണ്ടും പഴയ ലോകത്തേക്ക് എത്തിക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഇളയരാജയുടെ ‘ഒത്ത രൂപ താറെൻ’, ഡാർകേസിൻ്റെ ‘പുലി’ എന്നീ ഗാനങ്ങൾ ട്രെയിലറിന് പ്രത്യേക വൈബ് തന്നെ നൽകുന്നുണ്ട്. സിമ്രാൻ്റെ അതിഥി വേഷവും ട്രെയിലറിൻ്റെ അവസാന ഭാഗത്ത് വെളിപ്പെടുത്തുന്നുണ്ട്.
ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’ക്ക് തമിഴിൽ വലിയ എതിരാളികൾ ഉണ്ടാകില്ല. ധനുഷിൻ്റെ ‘ഇഡ്ലി കടൈ’ മത്സരത്തിൽ നിന്ന് പിന്മാറിയത് ഈ സിനിമയ്ക്ക് കൂടുതൽ സാധ്യത നൽകുന്നു. അജിത്തിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആയാണ് ചിത്രം എത്തുന്നത്. ‘വിടാമുയർച്ചി’യ്ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിൽ വലിയ പ്രതീക്ഷ ആണ് ആരാധകർക്ക് ഉള്ളത്.
‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം അജിത് കുമാർ ഏത് സിനിമയിലായിരിക്കും അഭിനയിക്കുക എന്ന ആകാംഷയിലാണ് സിനിമാ ലോകം. കാർത്തിക് സുബ്ബരാജ്, പ്രശാന്ത് നീൽ എന്നിവരുടെ പേരുകൾ കേൾക്കുന്നുണ്ടെങ്കിലും, തലയുടെ അടുത്ത പ്രോജക്റ്റിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.