“അബദ്ധത്തിന്റെ ഒരു യാത്രയായിരുന്നു അത്”; മാമാങ്കം 100 കോടി പോസ്റ്ററും കേക്ക് മുറിയും, മനസ് തുറന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ‘മാമാങ്കം’ 100 കോടി ക്ലബ് ചിത്രമല്ല എന്ന് വ്യക്തമാക്കുക ആണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ‘അബദ്ധത്തിന്റെ ഒരു യാത്രയായിരുന്നു അത്’ എന്നാണ് ജിഞ്ചർ മീഡിയ എൻ്റർടൈൻമെൻ്റ് സിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ കളക്ഷൻ താഴോട്ട് പോയികോണ്ടിരുന്നപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാലെ ജനങ്ങൾ കേറുകയുള്ളൂ എന്നൊക്കെ പറഞ്ഞപ്പോൾ സംഭവിച്ചത് ആണ് കോടി ക്ലബ് പോസ്റ്ററും കേക്ക് മുറിയും എന്ന് വേണു കുന്നപ്പിള്ളി വ്യക്തമാക്കി. അന്നത്തെ പരിചയക്കുറവ് കാരണം സംഭവിച്ചു പോയ അബദ്ധമായിരുന്നു ഇതൊക്കെ എന്നും അദ്ദേഹം പറയുന്നു.
പിന്നീട് പണി പഠിച്ചു, എന്താണ് സിനിമ എന്ന് മനസ്സിലാക്കി എന്നും അതിനുശേഷം തന്റെ ഒരു സിനിമയെ പറ്റിയും ഒരു വിവാദവും ഇതുവരെയും ഉണ്ടായിട്ടില്ല എന്നും വേണു കുന്നപ്പിള്ളി ചൂണ്ടികാട്ടി. ‘2018’, ‘മാളികപ്പുറം’, ‘രേഖാചിത്രം’ തുടങ്ങി മൂന്ന് വലിയ ഹിറ്റ് ചിത്രങ്ങൾ ആണ് കാവ്യ ഫിലിം കമ്പനി എന്ന ബാനറിൽ വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് മലയാളത്തിന് പിന്നീട് സമ്മാനിച്ചത്. ഇതിൽ 2018 മലയാളത്തിലെ സർവ്വ റെകോർഡുകളും മറികടന്ന് മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് എന്ന ടൈറ്റിലും മോഹൻലാൽ ചിത്രം പുലിമുരുകനെ മറികടന്ന് സ്വന്തമാക്കി. 210 കോടിയോളം ടോട്ടൽ ബിസിനസ് ആയിരുന്നു 2018 നേടിയത് എന്നും വേണു കുന്നപ്പിള്ളി വെളിപ്പെടുത്തി.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ ഇങ്ങനെ: “ജീവിതത്തിൽ നമുക്ക് പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങൾ പറ്റും എന്ന് പറയില്ലേ… അത് അങ്ങനെയാണ്. പല ആൾക്കാരും എന്റെ അടുത്ത് അന്ന് പറഞ്ഞിരുന്നു, ഇങ്ങനെയൊക്കെ ഇട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലാണ് ഈ പറഞ്ഞ ജനങ്ങൾ കേറുകയുള്ളൂ എന്നൊക്കെ. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാൻ പാടില്ലാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ടു കഴിഞ്ഞിട്ട് പിടിക്കടാ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ കേറി പിടിക്കും. സിനിമ തിയേറ്ററിലോട്ട് വന്ന് ആദ്യത്തെ രണ്ടു മൂന്നു ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു, പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്താൽ എന്താണ്? പിന്നെ ഈ പറയുന്ന 115 കോടിയുടെ പോസ്റ്റർ എഴുതി കഴിഞ്ഞാൽ…? ഇങ്ങനെ പലത്… അപ്പൊ ആ സമയത്ത് പരിചയമില്ലാത്തതിനാൽ എന്ത് വേണമെങ്കിലും ചെയ്യും.
ഇപ്പൊ നമ്മുടെ ആൾക്കാർ എന്റെ അടുത്ത് പറഞ്ഞു ഇവിടെ ടിഡിഎം ഹാൾ ഗ്രൗണ്ടിൽ നമുക്കൊരു ചെറിയ ഒരു ഇത് വെച്ച് കഴിഞ്ഞിട്ട് നമുക്കൊരു കേക്ക് കട്ടിങ് ഇതൊക്കെ ചെയ്യാം.. ഞാൻ പറഞ്ഞത് എന്റെ ഫുൾ തന്നെ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ശരി ഈ പരിപാടിക്ക് ഞാൻ നിൽക്കൂല എന്ന് പറഞ്ഞു കഴിഞ്ഞിട്ട് കേക്കും കട്ട് ചെയ്തില്ല ഞാൻ അങ്ങോട്ട് പോയില്ല. പക്ഷെ അതൊക്കെ അന്ന് മാത്രമായിരുന്നു. പിന്നെ അതിനുശേഷം പണികൾ എന്താണെന്ന് പഠിച്ചു, എന്താണ് സിനിമ എന്ന് മനസ്സിലാക്കി, എന്താണ് ഡയറക്ടർ എന്ന് മനസ്സിലാക്കി, എന്താണ് സ്ക്രിപ്റ്റ് എന്ന് മനസ്സിലാക്കി. ഡയറക്ടറിന്റെ കഴിവ് മാത്രമല്ല, അയാളുടെ സ്വഭാവം എന്താണെന്ന് നോക്കണം എന്ന് വിചാരിച്ചു, പറ്റാത്ത ആർട്ടിസ്റ്റുകൾ. അങ്ങനെ അതിനുശേഷം ഇത്ര സിനിമ ചെയ്തു കഴിഞ്ഞിട്ട് എവിടെയെങ്കിലും എന്റെ ഒരു സിനിമയെ പറ്റി ഒരു വിവാദം ഇതുവരെയും ഉണ്ടായിട്ടില്ല എന്നുള്ളത് ആണ്. അത് ആദ്യത്തെ എന്ന് പറയുന്നത് നമ്മുടെ ഒരു അബദ്ധത്തിന്റെ ഒരു യാത്രയായിരുന്നു”.