ബ്രിട്ടീഷ് ക്രൂരതയുടെ കാണാപ്പുറങ്ങൾ തേടി വിജയ് ദേവരകൊണ്ട; ‘രണബാലി’ ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തി. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ വമ്പൻ പ്രോജക്റ്റിന് ‘രണബാലി’ എന്നാണ് പേരിട്ടിരിക്കുന്നത്. രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്രത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, ചരിത്രത്താളുകൾ മറന്നുപോയ ക്രൂരതകളെയും വംശഹത്യകളെയുമാണ് ചർച്ച ചെയ്യുന്നത്. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ കൂട്ടക്കൊലകളും അക്കാലത്ത് ഇന്ത്യയിൽ നടന്ന സാമ്പത്തിക ചൂഷണങ്ങളും സിനിമയുടെ പ്രമേയമാകുന്നു. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ ഭരണത്തിന് കീഴിൽ ഇന്ത്യ എങ്ങനെ വരൾച്ചാ മേഖലയായി മാറിയെന്ന വൈകാരികമായ വസ്തുതകളും ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി മാസ് ലുക്കിലാണ് വിജയ് ദേവരകൊണ്ട പ്രത്യക്ഷപ്പെടുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ഹിറ്റുകൾക്ക് ശേഷം വിജയ്യും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ജയമ്മ’ എന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്.
ഹോളിവുഡ് ചിത്രം ‘ദി മമ്മി’യിലൂടെ ശ്രദ്ധേയനായ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. ഇതൊരു ബയോപിക് അല്ലെന്നും, മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന ‘രണബലി’ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.
നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് – അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

