ധ്യാൻ ശ്രീനിവാസനും ലുക്മാനും ഒന്നിക്കുന്ന ‘വള’ നാളെ പ്രദർശനത്തിനെത്തും

ധ്യാൻ ശ്രീനിവാസനെയും ലുക്മാൻ അവറാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘വള’ എന്ന ചിത്രം സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു മോതിരത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിനാണ് ‘വള’ സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഹർഷദാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറിക്കുന്നു. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഫെയർബെ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വേഫെയർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത അവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. അഫ്നാസ് വി ഛായാഗ്രഹണവും സിദ്ദിഖ് ഹൈദർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.