മെഗാ ഷോയ്ക്ക് തിരി കൊളുത്തി ‘ടർബോ’; ചിത്രത്തിന് ഈ വർഷത്തെ റെക്കോർഡ് ഓപ്പണിംഗ്…

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ്. 6.15 കോടി ആണ് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബൻ നേടിയ 5.8 കോടി എന്ന കളക്ഷൻ ആണ് ടർബോ മറികടന്നത്. കൂടാതെ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന റിലീസ് ദിന കളക്ഷൻ കൂടിയാണ് ടർബോ നേടിയത്. ഭീഷ്മ പർവ്വത്തിൻ്റെ കളക്ഷൻ ആണ് ചിത്രം മറികടന്നത്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ ചിത്രം നേടിയ ആകെ കളക്ഷൻ 7 കോടി കടന്നിട്ടുണ്ട്. ആദ്യമായി ആണ് ഒരു മമ്മൂട്ടി ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷനും മികച്ചത് ആണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ബോക്സ് ഓഫീസിൽ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തെ മറികടന്ന് ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടുന്ന മമ്മൂട്ടി ചിത്രമായി ടർബോ മാറിയിട്ടുണ്ട്.
Content Summary: Turbo First Day Collection Report