മലയാളം പതിപ്പിന് തമിഴ് പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ; ‘തുടരും’ ഇനി തമിഴിലും, റിലീസ് പ്രഖ്യാപിച്ചു…

മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം “തുടരും” മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഓരോന്നായി തിരുത്തി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ 8 ദിവസം കൊണ്ട് 130 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മലയാളം പതിപ്പിന് തമിഴ് പ്രേക്ഷകർക്കിടയിൽ നിന്ന് കിട്ടിയ ഗംഭീര പ്രതികരണത്തിന് ശേഷം ചിത്രത്തിന്റെ തമിഴ് പതിപ്പ് കൂടി തമിഴ്‌നാട്ടിൽ റിലീസിന് ഒരുങ്ങുകയാണ്. “തൊടരും” എന്ന ടൈറ്റിലോടെ ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തുന്നത് മെയ് ഒൻപതിന് ആണ്. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് പതിപ്പിന്റെ മാസ്സ് ട്രെയിലറും ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി മലയാളത്തിൽ ഇറക്കിയ ട്രെയിലറും തരംഗമായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് ട്രെയിലറും ഉടൻ പുറത്തു വരുമെന്നാണ് സൂചന.
“തുടരും” മലയാളം പതിപ്പിന് ചെന്നൈയിൽ ഉൾപ്പെടെ മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. മാത്രവുമല്ല, പ്രമുഖ തമിഴ് നിരൂപകരും തമിഴ് പ്രേക്ഷകരും സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നും ഉണ്ട്. അത്കൊണ്ട് തന്നെ തമിഴ് പതിപ്പ് കൂടെ എത്തുമ്പോൾ ചിത്രത്തിന് അവിടെ മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കേരളത്തിൽ നിന്ന് ആദ്യ 8 ദിനം കൊണ്ട് 52 കോടിക്ക് മുകളിൽ നേടിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 13 കോടിയുടെ അടുത്തും വിദേശത്തു നിന്ന് 66 കോടിയോളവും നേടിയിട്ടുണ്ട്. രണ്ടാമത്തെ വീക്കെൻഡ് കൂടെ പൂർത്തിയാവുമ്പോൾ 160 കോടിയോളം ചിത്രം ആഗോള ഗ്രോസ് ആയി നേടുമെന്നാണ് പ്രതീക്ഷ. ഒൻപതാം ദിനത്തിൽ തന്നെ പ്രേമലു ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ആഗോള ഗ്രോസ് മറികടന്ന ചിത്രം, ഞായറാഴ്ച കഴിയുന്നതോടെ പുലി മുരുകൻ, ആവേശം, ആട് ജീവിതം എന്നിവയുടെ ആഗോള ഗ്രോസും പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.