മൂന്ന് മണിക്കൂർ ‘എമ്പുരാൻ’ കാഴ്ച വിരുന്ന് ഒരുക്കും; മോഹൻലാൽ ചിത്രത്തിന്റെ ബിഗ് അപ്ഡേറ്റുകൾ ഇതാ..

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 179 മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ചിത്രത്തിൽ നിന്ന് ആകെ 6 സെക്കന്റ് മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. 179 മിനിറ്റും 58 സെക്കന്റ് ദൈർഘ്യവുമുള്ള പ്രിന്റ് ആണ് സെൻസറിങ്ങിനു സമർപ്പിച്ചത്. അതിൽ 179 മിനിറ്റും 52 സെക്കന്റും സെൻസർ ബോർഡ് നിലനിർത്തിയുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടുന്ന ഒരു സീനിലും, ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളെ കുറിച്ച് പരാമർശിക്കുന്ന സീനിലുമാണ് ഏതാനും സെക്കന്റുകൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചത്. മാർച്ച് 27 നു ആഗോള റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദ്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസാണ് ലക്ഷ്യമിടുന്നത്.
മാർച്ച് 27 നു രാവിലെ ആറു മണി മുതൽ ചിത്രത്തിന്റെ ഷോകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന്റെ ഫാൻസ് ഷോകളുടെ എണ്ണം 250 കവിഞ്ഞു. കേരളത്തിന് പുറമെ ഹൈദരാബാദ്, മുംബൈ, ഗൾഫ്, അമേരിക്ക എന്നിവിടങ്ങളിലും ചിത്രത്തിന് ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ്, ഒടിടി, സാറ്റലൈറ്റ് അവകാശമാണ് എമ്പുരാന് ലഭിക്കാൻ പോകുന്നത് എന്നാണ് സൂചന.
മുരളി ഗോപി രചിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ജെറോം ഫ്ലിൻ, അഭിമന്യു സിങ് തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റിംഗ്- അഖിലേഷ് മോഹൻ. ചിത്രത്തിലെ ഒരു ഗാനം, ട്രൈലെർ എന്നിവ വൈകാതെ പുറത്തു വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.