“എന്താ ഇവിടെ, വൈ യു കെയിം”; എമ്പുരാൻ സെറ്റിലെ അവസാന ദിവസം പൃഥ്വിരാജിനെ അമ്പരിപ്പിച്ച് സുപ്രിയയുടെ സർപ്രൈസ് വിസിറ്റ്…

മലയാളത്തിൻ്റെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാൻ്റെ ചിത്രീകരണം ഇന്ന് പൂർത്തിയായിരിക്കുകയാണ്. നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ, നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഉൾപ്പെടെ എല്ലാവരും തന്നെയും ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സോഷ്യൽ മീഡിയയിൽ ഇന്നത്തെ പ്രധാന ചർച്ചയായി ഇത് മാറുകയും ചെയ്തിരുന്നു. പിന്നാലെ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. ഒപ്പം ഒരു സർപ്രൈസ് വിസിറ്റ് വീഡിയോയും എത്തിയിട്ടുണ്ട്.
എമ്പുരാൻ ലൊക്കേഷനിൽ പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയയുടെ സർപ്രൈസ് വിസിറ്റ് നൽകിയതിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പൊൾ വൈറൽ ആവുന്നത്. സുപ്രിയ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചതും. പൃഥ്വിരാജ് ഇരിക്കുന്ന ടെൻ്റിലേക്ക് സുപ്രിയ എത്തുക ആയിരുന്നു. എന്താ ഇവിടെ, വൈ യു കെയിം എന്നാണ് സർപ്രൈസ് ആയ പൃഥ്വിരാജ് സുപ്രിയയോട് പ്രതികരിച്ചത്. റൊമാൻ്റിക് വൈഫും അണ്‍റൊമാന്റിക് ഹസ്ബാൻഡും എന്നീ ഹാഷ് ടാഗുകളോടെ ആണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.
ഇന്ന് പുലർച്ചെ 5.35ന് മലമ്പുഴ റിസർവോയറിൻ്റെ തീരത്ത് ആയിരുന്നു ചിത്രത്തിന്റെ അവസാന ഷോട്ട്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്തമായാണ് നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. 14 മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം മാർച്ച് 27ന് ആണ് തിയേറ്ററുകളിൽ എത്തുക.