in

എസ് ജെ സൂര്യ വീണ്ടും സംവിധാനത്തിലേക്ക്; ശ്രീ ഗോകുലം മൂവീസുമായി കൈകോർത്ത് ‘കില്ലർ’ ഒരുങ്ങുന്നു

എസ് ജെ സൂര്യ വീണ്ടും സംവിധാനത്തിലേക്ക്; ശ്രീ ഗോകുലം മൂവീസുമായി കൈകോർത്ത് ‘കില്ലർ’ ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനുമായ എസ്.ജെ. സൂര്യ നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. ‘കില്ലർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് തമിഴ് സിനിമ നിർമ്മാണ രംഗത്ത് വീണ്ടും സജീവമാകുന്നു എന്നതും ശ്രദ്ധേയമാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിർമ്മാണ സംരംഭമായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് ‘കില്ലർ’ നിർമ്മിക്കുന്നത്. എസ്.ജെ. സൂര്യ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതിനൊപ്പം കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കുന്നത്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ സഹനിർമ്മാതാക്കളാകുമ്പോൾ കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

‘വാലി’, ‘ഖുഷി’, ‘ന്യൂ’ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ. സൂര്യയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നല്കുന്നത് ആണ്. വൻ താരനിരയെ അണിനിരത്തി ഒരുങ്ങുന്ന ‘കില്ലർ’ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ പ്രോജക്റ്റിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധരും താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

നിലവിൽ മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ ഭ ബ’ തുടങ്ങി നിരവധി വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി.

ദുൽഖറിന്റെ ‘ഐ ആം ഗെയിമി’ന് മെഗാ മാസ് ആക്ഷൻ സീക്വൻസ് ഒരുക്കി അൻപറിവ് മാസ്റ്റേഴ്സ്

മോളിവുഡ് അർദ്ധവാർഷിക റിപ്പോർട്ട് 2025: 7 വിജയങ്ങൾ മാത്രം, മൂന്നും മോഹൻലാൽ ചിത്രങ്ങൾ