in

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’യ്ക്ക് ഷാൻ റഹ്മാൻ മാസ് സംഗീതം ഒരുക്കും..!

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’യ്ക്ക് ഷാൻ റഹ്മാൻ മാസ് സംഗീതം ഒരുക്കും..!

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെ ഒരു മാസ് റോളിൽ കാണാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് ആരാധകർ. ദുൽഖറിന്റെ അടുത്ത റിലീസ് ചിത്രമായ ‘സീതാ രാമ’ത്തിന്റെ പ്രൊമോഷന് വേണ്ടി വിവിധ തെന്നിന്ത്യൻ നഗരങ്ങളിൽ എത്തിയപ്പോൾ ആരാധകരുടെ ഈ ആഗ്രഹം മനസിലാക്കിയതായി ദുൽഖറും സൂചിപ്പിച്ചിരുന്നു. ‘കിംഗ്‌ ഓഫ് കൊത്ത’ ആയിരിക്കും ആരാധകരുടെ ഈ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ പോകുന്ന ചിത്രം. മാസ്റ്റർ സംവിധായൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഒരു അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. ഷാൻ റഹ്മാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കിംഗ്‌ ഓഫ് കൊത്ത’ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ഷാൻ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘ഒടുവിൽ ദുൽഖറിന് ഒപ്പം’ എന്ന ക്യാപ്ഷനും ഷാൻ നൽകി.

റൊമാന്റിക് ഹീറോ എന്ന പേര് മാറ്റാൻ ആയിരിക്കും ശ്രമം എന്ന് ദുൽഖർ പറഞ്ഞിരുന്നു. ഈ ചിത്രത്തിൽ ഒരു മികച്ച മാസ് ആക്ഷൻ ഹീറോയെ കാണാൻ കഴിയും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. മാസ് സീനുകൾക്ക് അകമ്പടിയായി ഷാൻ റഹ്മാന്റെ സംഗീതം കൂടി എത്തുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരും എന്നത് തീർച്ച. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുക ആണ്. ഈ മാസം അവസാനം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.

ഷെയ്ൻ നിഗമിന് വേണ്ടി ലാലേട്ടന്‍ ആലപിച്ച ഗാനം മമ്മൂക്ക പുറത്തിറക്കി…

കാർത്തിയ്ക്ക് ശങ്കറിന്റെ മകൾ നായിക; ആക്ഷനും റൊമാൻസുമായി ‘വിരുമൻ’ ട്രെയിലർ…