സഹതാരം പൂജയ്ക്ക് സഹായവുമായി സൽമാൻ ഖാന്‍
മുൻകാല നടി പൂജ ദഢ്വാളിന് സഹായവുമായി സൽമാൻ ഖാൻ. ക്ഷയരോഗം ബാധിച്ച പൂജ സഹായം അഭ്യർത്ഥിച്ചു സൽമാൻ ഖാന് വീഡിയോ സന്ദേശം അയച്ചിരുന്നു. ദേശീയ മാധ്യമങ്ങളിൽ അടക്കം ഇത് വാർത്തയും ആയിരുന്നു. തുടർന്നാണ് വിവരം അറിഞ്ഞ സൽമാൻ ഖാൻ സഹായത്തിനുള്ള ഏർപ്പാടുകൾ ചെയ്തത്.
1995ൽ പുറത്തിറങ്ങിയ വീർഗതി എന്ന ചിത്രത്തിൽ ആണ് പൂജ സൽമാൻ ഖാനൊപ്പം അഭിനയിച്ചത്. ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ആണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സൽമാൻ ഖാൻ അറിയിച്ചത്. മുന്‍പ് തന്നെ നടന്‍ രവി കൃഷ്ണനും പൂജയ്ക്ക് സഹായകവുമായി മുന്നോട്ട് വന്നിരുന്നു.
‘വീർഗതിയിൽ പൂജ എന്‍റെ നായിക ആയിരുന്നില്ല. എന്‍റെ സഹോദരീ ഭർത്താവ് അതുൽ അഗ്നിഹോത്രിയുടെ നായിക ആയിരുന്നു. ഇത് വളരെ സങ്കടകരമായ കാര്യം ആണ്. എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങളുടെ ടീം അവരുമായി ബന്ധപ്പെട്ട് കഴിഞ്ഞു. ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് അവര് കടന്നുപോകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. വേഗം പൂജയ്ക്ക് സുഖം ആകും എന്ന് പ്രതീക്ഷിക്കുന്നു‘ – സൽമാൻ ഖാൻ പറഞ്ഞു
വീർഗതി കൂടാതെ രണ്ടു മൂന്നു ചിത്രങ്ങളിലും പൂജ അഭിനയിച്ചിരുന്നു. രോഗം പിടിപ്പെടുന്നതിന് മുൻപ് ഗോവയിൽ ജോലി ചെയ്തു വരികെ ആയിരുന്നു. ആറ് മാസം മുൻപ് ക്ഷയരോഗം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബന്ധുക്കളും ഭർത്താവും പൂജയെ ഉപേക്ഷിച്ചു പോയി. ചായ പോലും മേടിക്കാനുള്ള പണം കൈവശമില്ല, സഹായിക്കണം എന്ന വീഡിയോ സന്ദേശം ആണ് പൂജ സൽമാൻ ഖാന് അയച്ചത്. വീഡിയോ കണ്ടാൽ തീർച്ചയായും സൽമാൻ തന്നെ സഹായിക്കും എന്ന വിശ്വാസം ഉണ്ടെന്നും പൂജ പറഞ്ഞിരുന്നു. അവരുടെ വിശ്വാസം പോലെ സൽമാന്റെ സഹായം ഇപ്പോൾ എത്തിയിരിക്കുന്നു.