മോഹൻലാൽ ചിത്രം ഒടിയനിൽ നരേൻ മഞ്ജു വാര്യരുടെ ഭർത്താവിന്‍റെ വേഷത്തിൽ!
പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ശ്രദ്ധേയ വേഷത്തിന് ശേഷം മോഹൻലാലിന്‍റെ ബ്രഹ്മാണ്ട ചിത്രത്തിലും തന്‍റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുക ആണ് യുവ നടൻ നരേൻ. താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭർത്താവിന്‍റെ വേഷത്തിൽ ആണ് നരേൻ എത്തുന്നത് എന്നാണ് വിവരം.
മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ മാണിക്യന്‍റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന പാലക്കാട് ലൊക്കേഷനിൽ ആണ് നരേനും ചേർന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളോടൊപ്പം ആണ് നരേന്‍റെ സീനുകൾ മുഴുവനും. പുറത്തുവിട്ട ഒടിയന്‍ മേയ്ക്കിങ് വിഡിയോയിലും നരേൻ ഉണ്ട്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആണ് ഈ വർഷം മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് വരുന്ന ചിത്രമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
അടുത്തതായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം അജോയ് വർമ്മ ഒരുക്കുന്ന നീരാളി ആണ്. കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ പ്രണവ് മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.