പ്രേതം 2 ക്രിസ്മസിന്; ഔദ്യോഗിക സ്ഥിതീകരണവുമായി രഞ്ജിത്ത് ശങ്കർ
ജയസൂര്യ – രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ രണ്ട് വർഷം മുൻപ് പുറത്തു വന്ന ചിത്രമാണ് പ്രേതം. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് അവരുടെ ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ഇവർ ഒരുമിച്ച മൂന്നാമത്തെ ചിത്രം ആയിരുന്നു. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം എന്നിവ ആയിരുന്നു പ്രേതത്തിന് മുൻപ് ഈ കൂട്ടുകെട്ട് ഒരുമിച്ച ചിത്രങ്ങൾ. പ്രേതത്തിനു ശേഷം ഇവർ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളും ഇരുവരും ഒരുമിച്ചു ചെയ്തു. അതിനു ശേഷം ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുന്നു എന്നും അത് പ്രേതത്തിന്‍റെ രണ്ടാം ഭാഗം ആയ പ്രേതം 2 എന്ന ചിത്രത്തിലൂടെ ആണെന്നും വാര്‍ത്തകള്‍ വന്നു. ഈ ചിത്രം ഇപ്പോൾ ഔദ്യോഗികമായി തന്നെ രഞ്ജിത്ത് ശങ്കർ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രേതം 2 എന്ന ചിത്രമാണ് താൻ അടുത്തതായി ചെയ്യാൻ പോകുന്നത് എന്നും ക്രിസ്മസ് റിലീസ് ആയാവും ഈ ചിത്രം എത്തുക എന്നുമാണ് രഞ്ജിത് ശങ്കർ അറിയിച്ചത്. ജയസൂര്യ നായകൻ ആവുന്ന ഈ ചിത്രം നിർമ്മിക്കുന്നതും പതിവ് പോലെ ഈ കൂട്ടുകെട്ട് തന്നെ ആവും. ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ് ആയി തന്നെ ആവും ജയസൂര്യ ഈ ചിത്രത്തിൽ എത്തുക. ആ കഥാപാത്രത്തിന്‍റെ ഒരു തുടർച്ച ആണ് പ്രേതം 2 എന്ന ചിത്രത്തിന്‍റെ കഥയായി വരിക.
അജു വർഗീസ് , ഗോവിന്ദ് പദ്മസൂര്യ, ഷറഫുദ്ധീൻ എന്നിവരാണ് പ്രേതത്തിൽ ജയസൂര്യയോടൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത്. ഹൊറർ – കോമഡി ആയി ഒരുക്കിയ ഈ ചിത്രം ജയസൂര്യ – രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നുമാണ്. പെർലി മാണി , സുനിൽ സുഗത, ഹരീഷ് പേരടി, വിജയ് ബാബു, ധർമജൻ എന്നിവരും ആദ്യ ഭാഗത്തിൽ അഭിനയിച്ചിരുന്നു.
ക്രിസ്മസ് റിലീസ് ആയാണ് പ്രേതം 2 എത്തുന്നത് എങ്കിൽ പ്രണവ് മോഹൻലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദുൽഖർ സൽമാന്‍റെ ഒരു യമണ്ടൻ പ്രേമ കഥ, ഫഹദ് ഫാസിലിന്‍റെ ഞാൻ പ്രകാശൻ, നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്നിവയോടാവും ജയസൂര്യക്ക് മത്സരിക്കേണ്ടി വരിക.